ഹമാസുമായുള്ള കടുത്ത യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണയുമായി അമേരിക്ക. അമേരിക്കന്‍ അത്യാധുനിക ആയുധങ്ങള്‍ ഇസ്രയേലിലെത്തി. ഹമാസിന് എതിരെ പോരാടാന്‍ ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കുമെന്ന് അമേരിക്ക നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹമാസ് ആക്രമണത്തില്‍ പതിനാല് യുഎസ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിനു പിന്നാലെയാണ് അമേരിക്ക അത്യാധുനിക ആയുധങ്ങള്‍ ഇസ്രയേലിലേക്ക് കൊടുത്തുവിട്ടത്.
ആയുധങ്ങളുമായെത്തിയ കാര്‍ഗോ വിമാനം ലാന്‍ഡ് ചെയ്യുന്നതിന്റെ വീഡിയോ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. പതിനാല് പേര്‍ കൊല്ലപ്പെട്ടത് കൂടാതെ നിരവധി അമേരിക്കന്‍സ് ഹമാസിന്റെ കസ്റ്റഡിയിലുണ്ടെന്നും പ്രസിഡന്റ് ബൈഡന്‍ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹമാസിനെ തിരിച്ചടിക്കാന്‍ ഇസ്രയേലിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക.
ഗാസയില്‍ കണ്ണുംപൂട്ടി ആക്രമണം നടത്താന്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി സൈന്യത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെ ഗാസയിലേക്ക് കരമാര്‍ഗമുള്ള ആക്രമണത്തിന് തയ്യാറെടുക്കുകയാണ് സൈന്യം. ഗാസ അതിര്‍ത്തിയില്‍ സൈനികരോട് സംസാരിക്കുമ്പോഴായിരുന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രിയുടെ നിര്‍ദേശം. സൈന്യത്തെ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മോചിപ്പിക്കുന്നു. സര്‍വശക്തിയുമെടുത്ത് ആക്രമിക്കുക, സമ്പൂര്‍ണ ആധിപത്യം നേടുക. ഗാസ പഴയപടിയാകില്ലെന്ന് ഉറപ്പാക്കുകയെന്നായിരുന്നു മന്ത്രി സൈന്യത്തോട് പറഞ്ഞത്.
ആക്രമണം നടത്തിയതില്‍ ഹമാസ് ഖേദിക്കണമെന്നും രാജ്യത്തെ ജനങ്ങളെ, സ്ത്രീകളെ കൊലപ്പെടുത്തിയവരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി പറഞ്ഞു. അതേസമയം ഹമാസിന്റെ പ്രധാന നേതാക്കളെ വധിക്കുന്നതിനാണ് മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.