സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കിയെന്ന് വിശാലിന്റെ വെളിപ്പെടുത്തല്‍; നടപടിയുമായി കേന്ദ്രം, അന്വേഷണം

ന്യൂഡല്‍ഹി: മാര്‍ക്ക് ആന്റണിയുടെ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്റെ വെളിപ്പെടുത്തലിനു പിന്നാലെ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ അന്വേഷണം നടത്താനായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിര്‍ന്ന ഉദ്യോഗസ്ഥനെ മുംബൈയ്ക്ക് അയച്ചു.

തന്റെ പുതിയ ചിത്രമായ ‘മാര്‍ക്ക് ആന്റണി’യുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നല്‍കേണ്ടി വന്നെന്നു വിശാല്‍ വെളിപ്പെടുത്തി 24 മണിക്കൂറിനുള്ളിലാണു മന്ത്രാലയത്തിന്റെ ഇടപെടല്‍. ചിത്രം റിലീസ് ചെയ്യാന്‍ മൂന്നു ലക്ഷവും, യു/എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മൂന്നര ലക്ഷം രൂപയും താന്‍ നല്‍കി എന്നായിരുന്നു വിശാല്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിരുന്നു.

“അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. അത് നടന്നത് മുംബൈയിലെ സിബിഎഫ്സി ഓഫീസിലാണ്. എന്റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടിയാണ്. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” കൈക്കൂലി നല്‍കേണ്ടിവന്ന വിവരം പങ്കുവെച്ചു വിശാല്‍ പറഞ്ഞ വാക്കുകളാണിത്.

More Stories from this section

family-dental
witywide