ന്യൂഡല്‍ഹി: 2027-ഓടെ ബുക്ക് ചെയ്യുന്ന എല്ലാ റെയില്‍വേ യാത്രക്കാര്‍ക്കും കണ്‍ഫേം ടിക്കറ്റ് ലഭിക്കുന്ന തരത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ഇന്ത്യൻ റെയിൽവേ. റെയില്‍വേയുടെ വിപുലീകരണ പദ്ധതികളില്‍ എല്ലാ ദിവസവും പുതിയ ട്രെയിനുകള്‍ ചേര്‍ക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ദീപാവലി ആഴ്ചയിൽ തിങ്ങിനിറഞ്ഞ പ്ലാറ്റ്‌ഫോമുകളുടെയും ട്രെയിനുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞതിനു പിന്നാലെയാണ് പുതിയ നീക്കം. ഛത്തിലേക്കുള്ള ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ 40 വയസ്സുള്ള ഒരാൾ മരിച്ചിരുന്നു.
ദീപാവലി പ്രമാണിച്ച് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
എല്ലാവർഷവും 4,000 മുതൽ 5,000 കിലോമീറ്റർ വരെ പുതിയ ട്രാക്കുകൾ നിർമിക്കാനാണ് റെയിൽവെ ഒരുങ്ങുന്നത്. എല്ലാ ദിവസവും 10,748 ട്രെയിനുകളാണ് സർവീസ് നടത്തുന്നത് അത് 13,000 ആയി ഉയർത്താനും റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. വരുന്ന മൂന്ന് മുതൽ നാല് വർഷത്തിനുള്ളിൽ 3,000 പുതിയ ട്രെയിനുകളും ട്രാക്കിലിറക്കുമെന്നും എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു.
പ്രതിവർഷം 800 കോടി യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യുന്നു. യാത്രാ ശേഷി 1000 കോടിയായി ഉയർത്താനാണ് പദ്ധതി.
കൂടുതൽ ട്രാക്കുകൾ പണിയുക, വേഗത കൂട്ടുക, തുടങ്ങിയ പദ്ധതികളിലൂടെ യാത്രാ സമയം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. നിലവിൽ, പ്രതിവർഷം 225 ട്രെയിനുകൾ നിർമ്മിക്കുന്നുണ്ട്. ഇവയിൽ പുഷ് പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.