മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് കൊടി ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍മാന്‍ മാത്യു വര്‍ഗീസും കണ്‍വീനര്‍ അനില്‍ ആറന്മുളയും ഫ്ളോറിഡ ചാപ്റ്റര്‍ ഭാരവാഹികളായ സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, ജോ. സെക്രട്ടറി എബി ആനന്ദ്, വൈസ് പ്രസിഡന്റ് ബിനു ചിലമ്പത്ത്, ട്രഷറര്‍ ജെസ്സി പാറത്തുണ്ടില്‍ എന്നിവര്‍ അറിയിച്ചു. സംഘടനയുടെ ദേശീയ ഭാരവാഹികളും അംഗങ്ങളുമെല്ലാം ഇതിനകം മയാമിയില്‍ എത്തിക്കഴിഞ്ഞു.
ഒന്നര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യാത്രയില്‍ ഇത് ആദ്യമായാണ് മയാമി അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. കേരളത്തില്‍ നിന്നും യുവ എം.എല്‍.എ ചാണ്ടി ഉമ്മന്‍, പാട്ടുകാരിയും എംഎല്‍.എയുമായ ദലീമ ജോജോ, കവി മുരുകന്‍ കാട്ടാക്കട, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ദ കാരവന്റെ എഡിറ്ററായിരുന്ന വിനോദ് ജോസ്, പി.ജി.സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), സ്മൃതി പരുത്തിക്കാട് (റിപ്പോര്‍ട്ടര്‍ ടി.വി), അയ്യപ്പദാസ് (മനോരമ ന്യൂസ്), ശരത് ചന്ദ്രന്‍ (കൈരളി ന്യൂസ്), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യൂസ്), ഷിബു കിളിത്തട്ടില്‍ (ദുബായ് എഫ്.എം), പി.ശ്രീകുമാര്‍ (ജന്മഭൂമി), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യൂസ്) എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍.
അമേരിക്കയിലെ കൊച്ചു കേരളം എന്ന് അറിയപ്പെടുന്ന മയാമി വിനോദ സഞ്ചാരികളുടെ പറുതീസ കൂടിയാണ്. മയാമിയിലെ കാഴ്ചകള്‍ അതിഥികള്‍ക്ക് മികച്ച അനുഭവം കൂടിയായിരിക്കും. ചൂടും തണുപ്പും ഇല്ലാത്ത ഏറ്റവും നല്ല കാലാവസ്ഥയില്‍ കൂടിയാണ് രാഷ്ട്രീയ-സാമൂഹിക-മാധ്യമ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് മയാമി വേദിയാകാന്‍ പോകുന്നത്. അതിഥികളെ വരവേല്‍ക്കാനുള്ള വിപുലമായ ഒരുക്കങ്ങളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ, ഫൊക്കാന, ഫോമ, വേള്‍ഡ് മലയാളി ഉള്‍പ്പടെയുള്ള സംഘടനകളുടെ അമരക്കാര്‍, ഫ്ളോറിഡയിലെ പ്രാദേശിക സംഘടനാ പ്രതിനിധികളും സാസ്കാരിക പ്രവര്‍ത്തകരും തുടങ്ങി നിരവധി പേര്‍ മാധ്യമ സമ്മേളനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുന്നുണ്ട്. അങ്ങിനെ അമേരിക്കന്‍ മലയാളികള്‍ ഒത്തുചേരുന്ന മഹാസമ്മേളനത്തിന് കൂടിയാണ് അടുത്ത മൂന്ന് ദിവസം മയാമി വേദിയാകാന്‍ പോകുന്നത്.
International Media Conference of India Press club of North America