മയാമി: ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മയാമിയില്‍ തിരി തെളിഞ്ഞു. ഹോളിഡേ ഇന്‍ മയാമി വെസ്റ്റില്‍ നടക്കുന്ന സമ്മേളനത്തിന് തിരി തെളിച്ചത് അമേരിക്കയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ സ്ഥാപകരില്‍ ഒരാളുമായ ജോര്‍ജ് ജോസഫായിരുന്നു.
സമൂഹത്തിന്റെ ചിന്താഗതിക്ക് അനുസരിച്ച് സഞ്ചരിക്കുന്നവരായി മാധ്യമങ്ങള്‍ മാറിയിരിക്കുന്നുവെന്ന് ആമുഖ പ്രസംഗത്തില്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. ഹമാസ് ഭീകര സംഘടനയാണ് എന്ന് പറയാന്‍ ധൈര്യമുള്ള എത്ര മാധ്യമങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ ജനവികാരം മാധ്യമങ്ങളുടെ നിലപാടായി മാറുന്ന മാറ്റത്തിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസ് ക്ളബ് സമ്മേളനത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരണമെന്നും സമ്മേളനം വലിയ നേട്ടമായി മാറട്ടേ എന്നും അദ്ദേഹം പറഞ്ഞു.
പ്രസ് ക്ളബ് പ്രസിഡന്റ് സുനില്‍ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും ഫ്ളോറിഡ ചാപ്റ്റര്‍ അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് നടക്കും.
International media convention of IPCNA