മീറ്റ് ആന്റ് ഗ്രീറ്റോടെ ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മയാമിയില്‍ തുടക്കം, ഉദ്ഘാടന ചടങ്ങ് നാളെ

മയാമി: അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മയാമിയില്‍ തുടക്കമായി. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള മീറ്റ് ആന്റ് ഗ്രീറ്റ് ആവേശകരമായിരുന്നു. വൈകീട്ട് ഹോളിഡേ ഇന്‍ മയാമി വെസ്റ്റില്‍ അതിഥികളും അമേരിക്കന്‍ മലയാളികളും പരസ്പരം പരിചയപ്പെടുത്തിയായിരുന്നു മീറ്റ് ആന്റ് ഗ്രീറ്റ്. മാമലകള്‍ക്ക് അപ്പുറത്ത് എന്ന ഗാനം പാടി കവി മുരുകന്‍ കാട്ടാക്കട മീറ്റ് ആന്റ് ഗ്രീറ്റിനെ അവേശകരമാക്കി.. നാളെ രാവിലെ 9.30ന് തിരി തെളിയുന്നതോടെ അടുത്ത രണ്ട് ദിവസം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിഷയങ്ങളില്‍ ഗൗരവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും മയാമി സാക്ഷിയാകും.

കേരളത്തില്‍ നിന്നും യുവ എം.എല്‍.എ ചാണ്ടി ഉമ്മന്‍, പാട്ടുകാരിയും എംഎല്‍.എയുമായ ദലീമ ജോജോ, കവി മുരുകന്‍ കാട്ടാക്കട, പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ ദ കാരവന്റെ എഡിറ്ററായിരുന്ന വിനോദ് ജോസ്, പി.ജി.സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ് ന്യൂസ്), സ്മൃതി പരുത്തിക്കാട് (റിപ്പോര്‍ട്ടര്‍ ടി.വി), അയ്യപ്പദാസ് (മനോരമ ന്യൂസ്), ശരത് ചന്ദ്രന്‍ (കൈരളി ന്യൂസ്), അഭിലാഷ് മോഹന്‍ (മാതൃഭൂമി ന്യൂസ്), ഷിബു കിളിത്തട്ടില്‍ (ദുബായ് എഫ്.എം), പി.ശ്രീകുമാര്‍ (ജന്മഭൂമി), ക്രിസ്റ്റീന ചെറിയാന്‍ (24 ന്യൂസ്) എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്ന അതിഥികള്‍.

അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളുടെയും പിന്തുണ ഇന്ത്യ പ്രസ് ക്ളബ് നോര്‍ത്ത് അമേരിക്കയുടെ അന്താരാഷ്ട്ര സമ്മേളനത്തിന് ലഭിച്ചിട്ടുണ്ട്. ഫൊക്കാനയുടെയും ഫോമയുടെയും മുന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ സമ്മേളന നഗരിയില്‍ എത്തിക്കഴിഞ്ഞു. സൗത്ത് ഫ്ളോറിഡയിലെ മലയാളി സാംസ്കാരിക സംഘടനകളും മയാമിയില്‍ ആദ്യമായി നടക്കുന്ന മാധ്യമ സമ്മേളനത്തിന് പിന്തുണ നല്‍കുന്നു.

ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് സുനില്‍ തൈമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറര്‍ ഷിജോ പൗലോസ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ബിജു കിഴക്കേക്കൂറ്റ്, പ്രസിഡന്റ് ഇലക്ട് സുനില്‍ ട്രൈസ്റ്റാര്‍, വൈസ് പ്രസിഡന്റ് ബിജു സക്കറിയ, ജോ.സെക്രട്ടറി സുധ പ്ളക്കാട്ട്, ജോ. ട്രഷറര്‍ ജോയ് തുമ്പമണ്‍, ഓഡിറ്റര്‍ ജോര്‍ജ് ചെറയില്‍ എന്നിവരും സംസാരിക്കും.

IPCNA International Media Conference at Miami