ധോണി നൽകിയ കോടതിയലക്ഷ്യ ഹര്‍ജി, ഐപിഎസ് ഉദ്യോഗസ്ഥനു തടവുശിക്ഷ വിധിച്ച് കോടതി

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ മുൻ ഐ പി എസ് ഉദ്യോഗസ്ഥന്‍ ജി സമ്പത്ത് കുമാറിന് തടവ് ശിക്ഷ വിധിച്ച് കോടതി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. 15 ദിവസത്തേക്കാണ് കോടതി ആദ്യം ശിക്ഷ വിധിച്ചത്. എന്നാല്‍ പിന്നീട് ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് മാറ്റി വച്ചു. വിധിക്കെതിരെ സമ്പത്ത് കുമാറിന് സുപ്രീം കോടതിയെ സമീപിക്കാനാണ് ദിവസം നീട്ടിവച്ചത്. ജസ്റ്റിസുമാരായ എസ് എസ് സുന്ദര്‍, സുന്ദര്‍ മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.

ഐ പി എല്‍ വാതുവെയ്പ് കേസില്‍ തന്റെ പേര് ഉപയോഗിച്ചതിന് ആണ് 2014 ല്‍ ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. അന്ന് തമിഴ്നാട് പൊലീസിലെ സി ഐ ഡി വിഭാഗത്തില്‍ സേവനമനുഷ്ഠിച്ചിരുന്നയാളാണ് സമ്പത്ത് കുമാര്‍.

സമ്പത്ത് കുമാറിനെതിരെയും 2014 ല്‍ തനിക്കെതിരെ ഒത്തുകളി ആരോപണങ്ങള്‍ ഉന്നയിച്ചതിന് ഒരു ടെലിവിഷന്‍ ചാനലിനെതിരെയും ആണ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധോണി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സുപ്രീം കോടതിക്കും ഹൈക്കോടതിക്കുമെതിരെ പിന്നീട് സമ്പത്ത് നടത്തിയ പരാമര്‍ശങ്ങളാണ് ധോണിയുടെ പരാതിക്ക് അടിസ്ഥാനം.

സുപ്രീംകോടതി നിയമവാഴ്ചയിൽ നിന്ന് വ്യതിചലിച്ചുവെന്ന് സമ്പത്ത് കുമാർ രേഖാമൂലമുള്ള പ്രസ്താവനയിൽ ആരോപിച്ചിരുന്നു. കൂടാതെ 2013 ലെ ഒത്തുകളി ആരോപണങ്ങൾ അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് മുദ്ഗൽ കമ്മിറ്റി റിപ്പോർട്ട് കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്തിരുന്നു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിന്ന് ചില രേഖകൾ തടഞ്ഞുവെച്ചതിൽ സുപ്രീം കോടതിക്ക് മറ്റ് ലക്ഷ്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജുഡീഷ്യറിയില്‍ പൊതുജനത്തിനുള്ള വിശ്വാസത്തില്‍ ഉലച്ചില്‍ തട്ടുന്ന രീതിയില്‍ സുപ്രീം കോടതിക്കും മദ്രാസ് ഹൈക്കോടതിക്കുമെതിരെ സമ്പത്ത് പ്രതികരണങ്ങള്‍ നടത്തി എന്നാണ് ധോണി വാദിച്ചത്. ഈ മെയ് മാസത്തില്‍ ആണ് സമ്പത്ത് വിരമിച്ചത്. 2013 ലെ ഐ പി എല്‍ വാതുവെപ്പ് കേസില്‍ സമ്പത്ത് കുമാറാണ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നത്.

പിന്നീട് ചില വാതുവെപ്പുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്ന് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. അപര്യാപ്തമായ തെളിവുകള്‍ ചൂണ്ടിക്കാട്ടി 2019-ല്‍ വിചാരണ കോടതി കുറ്റം ഒഴിവാക്കിയിരുന്നു.

More Stories from this section

family-dental
witywide