ന്യൂഡല്‍ഹി : ഇന്നലെ സിറിയയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഉന്നത കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി വിവരം. സിറിയയിലെ ഇറാനിയന്‍ സൈന്യത്തിന്റെ പ്രധാന സ്ഥലമായ ഡമാസ്‌കസിന് തെക്ക് സയ്യിദ സെയ്‌നാബ് പ്രദേശത്ത് സെയ്ദ് റാസി മൗസവി കൊല്ലപ്പെട്ടതായി ഇറാന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചിട്ടുണ്ട്. ഖുദ്സ് ഫോഴ്സിന്റെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കമാന്‍ഡര്‍മാരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.
2020 ജനുവരിയില്‍ ഇറാഖിലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതുവരെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഖുദ്സ് ഫോഴ്സിന്റെ തലവനായ ഖാസിം സുലൈമാനിയുടെ അടുത്തയായിയാണ് കൊല്ലപ്പെട്ടതെന്നും വിവരമുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡമാസ്‌കസ് ഗ്രാമപ്രദേശത്തുള്ള സെറ്റ് സൈനബ് പ്രദേശത്ത് വന്‍ സ്ഫോടന ശബ്ദം കേട്ടതായി ദ ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിരവധി നാളുകളായി ഡെമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വച്ച് ഇസ്രായേല്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ മേഖലയില്‍ ഇറാന്റെ പിന്തുണയോടു കൂടിയാണ് സിറിയ നീക്കങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തില്‍ വിമാനത്താവളത്തിന് സമീപം വലിയ രീതിയില്‍ പുകമഞ്ഞ് ഉയര്‍ന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ചില വീഡിയോകളില്‍ വ്യക്തമായിരുന്നു.
സുലൈമാനിക്ക് ശേഷം ഇസ്രായേല്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യമിട്ടിരുന്ന കൊലപാതകമെന്നാണ് ഇസ്രായേല്‍ മാധ്യമങ്ങള്‍ മൗസവിയുടെ മരണത്തെ വിശേഷിപ്പിച്ചത്. അതേസമയം മൗസവിയുടെ കൊലപാതകത്തില്‍ കടുത്ത പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. മൗസവിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.