‘പശുക്കളെ മുഴുവന്‍ കശാപ്പുകാര്‍ക്ക് വിറ്റിട്ട് ഹരേ കൃഷ്ണ പാടി നടക്കുന്നു’; ഇസ്‌കോണിനെതിരെ മേനകാഗാന്ധി

ന്യൂഡല്‍ഹി: ‘രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) എന്ന് ബിജെപി എംപി മേനക ഗാന്ധി. അവര്‍ സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റി ഗോശാലകള്‍ നടത്തുകയും അവിടെനിന്ന് ഗോക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയുമാണെന്ന് മേനക ഗാന്ധി ആരോപിച്ചു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ സംസാരിക്കവേയാണ് മേനക ഗാന്ധി ലോകത്തെ ഏറ്റവും വലിയ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ ആരോപണമുന്നയിച്ചത്.

ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ താന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ലെന്നും അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ലെന്നും അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണെന്നും മേനകാഗാന്ധി പറഞ്ഞു. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല’ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. എന്നിട്ട് അവര്‍ ‘ഹരേ റാം ഹരേ കൃഷ്ണ’ എന്ന് വഴിതോറും പാടി നടക്കുന്നുവെന്നും മേനകാഗാന്ധി വിമര്‍ശിച്ചു.

എന്നാല്‍ മേനക ഗാന്ധിയുടെ ആരോപണം ഇസ്‌കോണ്‍ പ്രതിനിധികള്‍ നിഷേധിച്ചു. ബീഫ് മുഖ്യ ആഹാരമായ സ്ഥലത്തുപോലും ഗോസംരക്ഷണവുമായി എത്തുന്നവരാണ് ഇസ്‌കോണെന്ന് ദേശീയ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ പ്രതികരിച്ചു. തങ്ങള്‍ പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അവരെ കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ലെന്നും ഗോവിന്ദ പറഞ്ഞു.

More Stories from this section

family-dental
witywide