
ന്യൂഡല്‍ഹി: തങ്ങളുടെ ഗോശാലകളില്‍നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്ന് ആരോപിച്ച ബി.ജെ.പി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധിക്കെതിരേ നിയമനടപടികളിലേക്ക് കടന്ന് ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്). 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് ഇസ്‌കോണ്‍ മേനക ഗാന്ധിക്ക് നോട്ടീസ് അയച്ചു.
‘മേനക ഗാന്ധിയുടെ പരാമര്‍ശം വളരെ നിരാശാജനകമാണ്. ലോകത്താകമാനമുള്ള ഞങ്ങളുടെ പ്രവര്‍ത്തകരെ പരാമര്‍ശം വല്ലാതെ വേദനിപ്പിച്ചു. 100 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നിയമനടപടികളിലേക്ക് കടക്കുകയാണ്. ഇന്ന് അവര്‍ക്ക് നോട്ടീസ് അയച്ചു. എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരാള്‍ക്ക് ഒരു തെളിവും ഇല്ലാതെ ഇത്ര വലിയ സമൂഹത്തിനെതിരേ കള്ളം പറയാന്‍ എങ്ങനെയാണ് സാധിക്കുന്നത്’, കൊല്‍ക്കത്ത ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് പറഞ്ഞു.
ഗോശാലകള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പറ്റുന്ന ഇസ്‌കോണ്‍ രാജ്യത്തെ വഞ്ചിക്കുകയാണെന്നായിരുന്നു മനേകയുടെ ആരോപണം. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ഗോശാല സന്ദര്‍ശിച്ചപ്പോള്‍ പാല്‍ ചുരത്താത്ത ഒരു പശുവിനെയും കാണാന്‍ സാധിച്ചില്ലെന്നും ഇതിനര്‍ഥം അവയെ ഒക്കെ വിറ്റുവെന്നാണെന്നും എം.പി ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം, അനന്തപുര്‍ ഗോശാല സന്ദര്‍ശിച്ചെന്ന മനേക ഗാന്ധിയുടെ വാദവും ഇസ്‌കോണ്‍ തള്ളി. അനന്ദപുര്‍ ഗോശാലയിലെ ആരും തന്നെ മനേക ഗാന്ധിയെ ഓര്‍ക്കുന്നില്ലെന്നും ഇസ്‌കോണ്‍ വ്യക്തമാക്കി. പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ലെന്നും എം.പിയുടെ ആരോപണത്തിന് പിന്നാലെ ഇസ്‌കോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.