ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമെന്ന് സംശയം; തമിഴ് നാട്ടിൽ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിൽ ഉൾപ്പെടെ എൻഐഎ റെയ്ഡ്

ചെന്നൈ: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂരില്‍ 23 ഇടങ്ങളിലും ചെന്നൈയില്‍ മൂന്നിടത്തുമാണ് റെയ്ഡ് നടക്കുന്നത്. കോയമ്പത്തൂരിലെ ഡിഎംകെ വനിത കൗണ്‍സിലറുടെ വീട്ടിലും പരിശോധന നടത്തി. സംഘം വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിരുന്നെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

കേരളത്തില്‍ ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ ആഴ്ച ഒരാളെ പിടികൂടിയിരുന്നു. തൃശൂര്‍ സ്വദേശിയായ നബീല്‍ അഹമ്മദിനെയാണ് പിടികൂടിയത്. നബീലാണ് ഐഎസ് ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്‍കിയതെന്നാണ് എന്‍ഐഎ പറയുന്നത്. ഇയാളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന നടന്നെന്ന് പറയുന്ന രഹസ്യ കേന്ദ്രങ്ങളില്‍ തെളിവെടുപ്പും നടന്നിരുന്നു.

ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താനായിരുന്നു നബീലിന്റെ പദ്ധതിയെന്ന് എന്‍ഐഎ പറഞ്ഞിരുന്നു. ക്രിസ്തീയ മതപണ്ഡിതനെ അപായപ്പെടുത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. കൂടാതെ തൃശൂര്‍- പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിക്കാനും പദ്ധതി തയ്യാറാക്കിയിരുന്നു. ഖത്തറില്‍ നിന്നാണ് നബീല്‍ ഐ.എസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയാണ് കേരളത്തിലും ഗ്രൂപ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഐഎസ് പ്രവര്‍ത്തനത്തിന് പണം കണ്ടെത്താനായിരുന്നു ഇതെന്ന് കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide