ഇസ്രയേൽ – ഹമാസ് ധാരണ: 50 ബന്ദികളെ വിട്ടയയ്ക്കും, 4 ദിവസം വെടിനിർത്തൽ

ഗാസ: ഗാസ വെടി നിർത്തൽ കരാറിന് ഇസ്രയേൽ സർക്കാരിന്റെ അംഗീകാരം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന് താൽകാലിക വിരാമമാകും. നാലു ദിവസത്തേക്ക് വെടിനിർത്തലിന് ഇസ്രയേൽ മന്ത്രിസഭ സമ്മതിച്ചു എന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് ബന്ദികളാക്കിയ 240 പേരിൽ 50 പേരെ മോചിപ്പിക്കാനും ധാരണയായതയായും റിപ്പോർട്ടിലുണ്ട്.

ഖത്തറിന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച താൽക്കാലിക വെടിനിർത്തൽ കരാറിനാണ് ഇസ്രയേൽ അംഗീകാരം നൽകിയത്. ഹമാസ് ഇസ്രയേലിൽ നിന്ന് ബന്ദികളാക്കിയവരുടെയും ഇസ്രയേലിലെ പലസ്തീൻ തടവുകാരുടെയും മോചനം കരാറിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൽക്കാലിക വെടി നിർത്തലിന്റെ അർഥം യുദ്ധം അവസാനിച്ചു എന്നല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഗാസയിലെ താൽക്കാലിക വെടി നിർത്തലിന് പകരമായി ഹമാസ് ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുമെന്ന വ്യവസ്ഥയിലാണ് നെതന്യാഹു സർക്കാർ കരാറിന് തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ. നാലോ അഞ്ചോ ദിവസത്തെ താൽക്കാലിക വെടിനിർത്തലിന് പകരമായി ഗാസയിൽ തടവിലാക്കപ്പെട്ട 50 ഇസ്രയേലി സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബന്ദികളിൽ പലരും ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ ഇതിനകം തന്നെ കൊല്ലപ്പെട്ടതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരക്കക്കാരായ 2 പേരേയും ഇസ്രയേലിലെ 2 സ്ത്രീകളേയും ഹമാസ് നേരത്തെ വിട്ടയച്ചിരുന്നു.

ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതും കരാറിൽ ഉൾപ്പെട്ടിട്ടുണ്ട്. 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ ജയിലുകളിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിദേശ പൗരന്മാർ പ്രധാന കരാറിന്റെ ഭാഗമാണോ എന്ന വ്യക്തമല്ല.

വെടിനിർത്തൽ ഇടവേളയിൽ ഓരോ ദിവസവും പത്ത് തടവുകാരെ വിട്ടയക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹമാസ് വിട്ടയയ്ക്കുന്ന ഓരോ 10 തടവുകാർക്കും ഒരു അധിക ദിവസത്തെ ഇടവേള നൽകാൻ ഇസ്രായേൽ തയ്യാറാണ്. ഈ കാലയളവിൽ ഇന്ധനങ്ങൾ ഉൾപ്പടെ 300 ഓളം ട്രക്കുകൾ ഗാസ മുനമ്പിലേക്ക് അനുവദിക്കും. പ്രതിദിനം ആറ് മണിക്കൂർ ഡ്രോണുകൾ പറത്തില്ലെന്ന് ഇസ്രായേൽ സമ്മതിച്ചിട്ടുണ്ട്. ആക്രമണം നിർത്തുന്ന സമയത്ത് കൂടുതൽ രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാൻ ഡ്രോണുകൾ ഉപയോഗിക്കുമെന്ന് ചർച്ചകൾക്കിടെ ഹമാസ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ വെടി നിർത്തൽ ഇടവേളയിൽ, പലസ്തീനികളെ കുടിയിറക്കപ്പെട്ട വടക്കൻ ഗാസയിലെ വീടുകളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി.

ഇസ്രയേൽ-ഹമാസ് യുദ്ധം സന്ധിയിലേക്ക് നീങ്ങാൻ ധാരണയെന്ന് ഇന്നലെ തന്നെ റിപ്പോർട്ടുകൾ വരുന്നുണ്ടായിരുന്നു. . യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലേക്ക് എത്തുകയാണെന്ന് ഹമാസ് നേതാവ് ഇസ്മയിൽ ഹാനിയ ഇന്നലെ അ റിയിച്ചിരുന്നു.
ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണത്തിനിടെ ഒക്ടോബർ 7 ന് പിടികൂടിയ 240 ഓളം പേരെ മോചിപ്പിക്കാനുള്ള നിരവധി ചർച്ചകൾ നടന്നു കഴിഞ്ഞു

ഹമാസ് പോരാളികൾ ഇസ്രയേൽ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 1,200 ഓളം പേരെ കൊലപ്പെടുത്തിയിരുന്നു. അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.ഹമാസിനെ നശിപ്പിക്കുമെന്നും ബന്ദികളെ മോചിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ട് ആക്രമണത്തിന് പ്രതികാരമായി ഇസ്രയേൽ നിരന്തരമായ ബോംബാക്രമണവും കര ആക്രമണവും ആരംഭിച്ചു.ഗാസയിലെ ഹമാസ് സർക്കാരിന്റെ കണക്കനുസരിച്ച്, യുദ്ധത്തിൽ 13,300-ലധികം ആളുകൾ കൊല്ലപ്പെട്ടു. അവരിൽ ആയിരക്കണക്കിന് കുട്ടികളുണ്ട്.

Israel approves deal with Hamas for release of 50 hostages during 4 day ceasefire

More Stories from this section

family-dental
witywide