ഗാസ : ഗാസയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രയേൽ. അഭയാർഥികൾ കൂട്ടമായി പാർത്തിരുന്ന അൽ മഗാസി ക്യാംപിനും ഒരു യുഎൻ സ്കൂളിനും നേരെ ശനിയാഴ്ച രാത്രി ഇസ്രയേൽ വ്യോമാക്രമണമുണ്ടായി. നിരവധിയാളുകൾ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട് ഓടുന്ന സാധാരണക്കാരെയും ആശുപത്രിയിൽ മുറിവേറ്റ് കിടക്കുന്നവരേയും ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ ലോകം മുഴുവൻ പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നലെ മുറിവേറ്റവരുമായി പോയ ആംബുലൻസ് കോൺവോയിക്ക് നേരെ ആക്രമണമുണ്ടായി 15 പേർ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ യുദ്ധത്തിന് താൽകാലിക വിരാമമിടാൻ ഇസ്രയേലിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇസ്രയേൽ അത് ഗൌനിക്കുന്ന ലക്ഷണമില്ല.
അറബ് രാജ്യങ്ങളുമായി ചർച്ച നടത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കന് മേൽ അറബ് രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ദമുണ്ട്. ബന്ദികളെ മോചിപ്പിക്കാനും ഗാസയിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളെ പുറത്തെത്തിക്കാനും താൽകലിക യുദ്ധ വിരാമം വേണമെന്ന് യുഎസ് ആവശ്യപ്പെടുന്നുണ്ട്. മുറിവേറ്റ പലസ്തീനികളെ റഫാ അതിർത്തി വഴി പുറത്തെത്തിക്കാൻ അനുവദിച്ചില്ലെങ്കിൽ ഒറ്റ വിദേശിയെ പോലും ഗാസയിൽ നിന്ന് പോകാൻ അനുവദിക്കില്ല എന്ന് ഹമാസ് വ്യക്തമാക്കി.
ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 9450 പേർ കൊല്ലപ്പെട്ടു എന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രയേലിൻ്റെ നരനായാട്ടിന് എതിരെ ലോകം മുഴുവൻ വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്. കൂടുതൽ രാജ്യങ്ങൾ അവരുടെനയതന്ത്ര പ്രതിനിധികളെ ഇസ്രയേലിൽ നിന്നു പിൻവലിക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ജോർദാനും തുർക്കിയും അവരുടെ അംബാസിഡർമാരെ പിൻവലിച്ചു.
എന്നാൽ എന്ത് സമ്മർദ്ദം ഉണ്ടായാലും ആക്രമണം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് ഇസ്രയേൽ. ഹമാസിൻ്റെ വേരും നാരും അടക്കം നശിപ്പിക്കാതെ വിശ്രമമില്ല എന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്. ഹമാസ് എന്ന ഭീകരസംഘടനയുടെ കേന്ദ്രം ഗാസയാണ് അതിനാൽ ഗാസയിലെ ആക്രമണം തുടരും. ഇതുവരെ 12000 ഇടങ്ങൾ ആക്രമിച്ചു എന്ന് ഇസ്രയേൽ വ്യക്തമാക്കി.
Israel – Hamas war: Al- Maghazi refugee camp attacked,30 die