
ന്യൂഡല്‍ഹി: ഇസ്രയേൽ-പലസ്തീൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ ആശങ്കപ്പെട്ട് ജമ്മു കശ്മീരിലെ ഏറ്റവും വലിയ പള്ളിയായ ജാമിഅ മസ്ജിദ് അടച്ചു. ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ചും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചും വെള്ളിയാഴ്ച പ്രതിഷേധം നടക്കാൻ സാധ്യതയുള്ളതിനാലാണ് മസ്ജിദ് അടച്ചുപൂട്ടിയത്. വെള്ളിയാഴ്ച നമസ്‌ക്കാരത്തിന് എത്തിയ വിശ്വാസികളെ തിരികെ അയച്ച പൊലീസ് ഗേറ്റുകൾ അടച്ചുപൂട്ടുകയും പള്ളിയിലും പരിസരത്തും സുരക്ഷാ വിന്യാസം ശക്തമാക്കുകയുമായിരുന്നു.
അതേസമയം മുതിർന്ന ഹൂറിയത്ത് നേതാവും ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിലാക്കിയാതായും റിപ്പോർട്ടുകൾ ഉണ്ട്. മുമ്പ് നാലുവർഷത്തിലേറെ വീട്ടുതടങ്കലിലായിരുന്ന മിർവായിസിനെ നേരത്തെ മോചിതനാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് മിർവായിസിനെ വീണ്ടും തടവിലാക്കിയത്.
വെള്ളിയാഴ്ചകളിലും ഇസ്ലാമിക് കലണ്ടറിലെ മറ്റ് പ്രധാന ദിവസങ്ങളിലും പള്ളിയിൽ സംസാരിക്കാറുള്ള മിർവായിസ് ഉമർ ഫാറുഖിനോട് രേഖാമൂലമുള്ള ഉത്തരവില്ലാതെ വസതിയിൽ നിന്ന് പുറത്തുവരാൻ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ ഹമാസ് ശക്തമാകുന്നതിനിടെ കശ്മീരിലെ പ്രശ്‌നബാധിത പ്രദേശങ്ങളിൽ നൂറുകണക്കിന് പോലീസുകാരെയും അർദ്ധസൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ മധ്യ കശ്മീരിലെ ബുദ്ഗാമിലും ലഡാക്കിലെ കാർഗിൽ ജില്ലയിലും വെള്ളിയാഴ്ച ഇസ്രയേലിനെതിരെ പ്രകടനങ്ങൾ നടന്നു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സെൻട്രൽ കശ്മീരിലെ ബുദ്ഗാം പട്ടണത്തിൽ ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെയും പലസ്തീനിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ഷിയാ ഗ്രൂപ്പായ അഞ്ജുമാൻ-ഇ-ഷാരി ഷിയാൻ പ്രകടനം നടത്തിയത്.
പ്രാദേശിക ഷിയാ നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഡസൻ കണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ജംഇയ്യത്തുൽ ഉലമ ഇസ്ന അശരിയ്യയുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ലഡാക്കിലെ കാർഗിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം നടന്നത്.
ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ ഹമാസ് അനുകൂല പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് നിര്‍ദേശത്തെത്തുടര്‍ന്ന് നേരത്തെ തന്നെ ഇസ്രയേല്‍ എംബസിക്കും ജൂതമതസ്ഥാപനങ്ങള്‍ക്കും ഡല്‍ഹി പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. വെള്ളിയാഴ്ച പള്ളികളില്‍ പ്രാര്‍ത്ഥനാ ദിവസമായതിനാല്‍ പ്രതിഷേധങ്ങള്‍ക്ക് സാധ്യത കൂടുതലുണ്ടെന്നാണ് നിഗമനം. ഇന്നലെ രാത്രി ഡല്‍ഹി ജുമാ മസ്ജിദിന് സമീപത്തുള്‍പ്പെടെ പൊലീസ് പട്രോളിങ് നടത്തിയിരുന്നു.
അതേസമയം സംഘര്‍ഷ ഭരിതമായ ഇസ്രയേല്‍ പലസ്തീന്‍ മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യാപിച്ച ‘ഓപറേഷന്‍ അജയ് ദൗത്യത്തിന്റെ ഭാഗമായ ആദ്യ വിമാനം ഇന്ന് രാവിലെ ഡല്‍ഹിയില്‍ എത്തി. 212 പേരെയാണ് തിരിച്ച് നാട്ടിലെത്തിച്ചത്. ഇതില്‍ 9 മലയാളികളും അടങ്ങുന്നുണ്ട്. പുലര്‍ച്ചെ ആറ് മണിയോടെയാണ് വിമാനം ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ഇസ്രയേലില്‍ നിന്നെത്തിയവരെ സ്വീകരിച്ചു. തിരികെ എത്താനായി 3500 പേര്‍ ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.