വടക്കൻ ഗാസയില്‍ നിന്ന് കൂട്ടപലായനം, പകർച്ചവ്യാധി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഗാസ: ഗാസയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം കരമാര്‍ഗം കൂടി വ്യാപിപ്പിച്ചതോടെ വടക്കൻ ഗാസയില്‍ നിന്നും കൂട്ടപലായനം. ഇന്നലെ 15000 പേർ ഗാസയിൽ നിന്ന് പലായനം ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം 5000 പേരാണ് വടക്കൻ ഗാസ വിട്ടത്. ഗാസയെ രണ്ടാക്കി വിഭജിച്ച് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന് മുന്നോടിയായി വടക്കന്‍ മേഖലയില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് പലായനം ശക്തമായത്.

വടക്കന്‍ ഗാസ വിടണമെന്ന മുന്നറിയിപ്പ് പിന്നാലെ മേഖലയില്‍ നിന്നുള്ള പ്രധാന പാതകള്‍ ഇസ്രയേല്‍ സൈന്യം തുറന്നുനല്‍കുകയും ചെയ്തിരുന്നു. അതേസമയം, വടക്കന്‍ ഗാസയില്‍ ഹമാസിനുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവാണ് പലായനത്തിന്റെ തോത് തുറന്നുകാണിക്കുന്നതെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.

യുദ്ധത്തിനു മുമ്പ് 6.5 ലക്ഷം ആളുകളുണ്ടായിരുന്ന ഗാസ സിറ്റിയിലെ അവസാനത്തെ കടയും ഇന്നലെ പൂട്ടി. വ്യോമാക്രമണത്തിൽ പാതിയിലേറെ വീടുകൾ തകർന്നടിഞ്ഞു.

തെക്കൻഗാസയിലെ അഭയാർഥി ക്യാംപുകളിലെ അവസ്ഥ അതിദയനീയമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 600 പേരാണ് ഒരു ടോയ്ലെറ്റ് ഉപയോഗിക്കുന്നത്. കുടിക്കാൻ ശുദ്ധജലമില്ല. അരലക്ഷത്തിലേറെ ഗർഭിണികൾ വൈദ്യ സഹായം കിട്ടാത്ത അവസ്ഥയിലാണ്. ജീവൻ രക്ഷാ മരുന്നുകൾക്കായി പോയ 5 ട്രക്കുകൾക്കു നേരെ ഇസ്രയേലി ബോംബാക്രമണമുണ്ടായതായി റെഡ് ക്രോസ് അറിയിച്ചു.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയിലെ ആരോഗ്യ സംവിധാനങ്ങള്‍ പാടെ തകര്‍ന്നു കിടക്കുന്ന സാഹചര്യം മേഖയെ പകര്‍ച്ച വ്യാധിയുടെ പിടിയിലേക്ക് തള്ളിവിട്ടേയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും ക്യാമ്പുകളിൽ ആളുകളുടെ എണ്ണം വർധിക്കുന്നതും പകർച്ചവ്യാധികളുടെ സാധ്യത വർധിപ്പിക്കുന്നു. “ആരോഗ്യ സംവിധാനം, ജലം, ശുചിത്വ സംവിധാനങ്ങൾ എന്നിവ തകരാറിലായത് പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനമുണ്ടാക്കും. ഇതിനകം ചില ആശങ്കാജനകമായ പ്രവണതകൾ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്” ലോകാരോഗ്യസംഘന അറിയിച്ചു.


Israel-Hamas war; WHO warns of ‘worrying trends’ in disease in Gaza

More Stories from this section

family-dental
witywide