ടെൽ അവീവ്: ഗാസയിൽ അണുബോംബ് വർഷിക്കുകയെന്നത് ഹമാസിനെതിരെ നടക്കുന്ന യുദ്ധത്തിലെ സാധ്യതകളിലൊന്നാണ് എന്ന, തന്റെ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഇസ്രയേലിന്റെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിഹായ് എലിയാഹുവാണ് അണുബോംബ് വർഷിക്കുന്നത് സംബന്ധിച്ച് പരാമർശം നടത്തിയത്. റേഡിയോ കോൾ ബെറാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗാസയിൽ അണുബോംബ് വർഷിക്കണമോ എന്ന് ചോദിച്ചപ്പോൾ, “അതൊരു സാധ്യതയാണ്” എന്നായിരുന്നു എലിയാഹുവിന്റെ മറുപടി.
എന്നാൽ, മന്ത്രിയുടെ പ്രസ്താവനയ്ക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. നിരപരാധികളെ ഉപദ്രവിക്കാതെ രാജ്യാന്തര യുദ്ധ നിയമങ്ങൾ അനുസരിച്ചാണ് ഗാസയിൽ ഇസ്രയേൽ സൈന്യം പോരാടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വിജയം സ്വന്തമാക്കുന്നതുവരെ അതേ ശൈലിയിലാകും സൈന്യം മുന്നോട്ടു പോകുകയെന്നും നെതന്യാഹു പ്രഖ്യാപിച്ചു.
വിവാദ പ്രസ്താവനയ്ക്കു പിന്നാലെ എലിയാഹുവിനെ മന്ത്രിസഭയിൽനിന്ന് പ്രധാനമന്ത്രി സസ്പെൻഡ് ചെയ്തു. മന്ത്രിസഭാ യോഗങ്ങളിൽ എലിയാഹുവിനു പങ്കെടുക്കാനാകില്ല. അതേസമയം, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് നെതന്യാഹു രൂപീകരിച്ച ഐക്യ സർക്കാരിൽ എലിയാഹു അംഗമായിരുന്നില്ല.