
ജറുസലം: ഗാസ മുനമ്പിലെ ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ മരണം 1000 കടന്നു. ഹമാസ് ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അറിയിച്ചു. ഇപ്പോഴും ഇസ്രയേലിലെ പല പ്രദേശങ്ങളിലും ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്. സായുധ പോരാളികളെ പൂര്‍ണമായും തുരത്താന്‍ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല.
ഹമാസ് ആക്രമണത്തെ തുടര്‍ന്ന് യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. വളരെ ജനസാന്ദ്രതയുള്ള അവിടെ വന്‍ ദുരന്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 600 ലേറെ മരണം. 2000ല്‍ കൂടുതല്‍ ആളുകള്‍ പരുക്കേറ്റ് ആശുപത്രികളില്‍. ആശുപത്രികള്‍ നിറഞ്ഞ്കവിഞ്ഞു. ഹമാസ് “നരകത്തിൻ്റെ വാതില്‍ തുറന്നിരിക്കുന്നു” എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞിരിക്കുന്നത്. ഹമാസ് നേതാക്കള്‍ താമസിക്കുന്ന 180 സ്ഥലങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഗാസയെ പാടെ തകര്‍ക്കുന്ന നിലയിലാണ് നിലവില്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ പുരോഗമിക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചനകള്‍.
ഗാസയെ എല്ലാ തരത്തിലും വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങളാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. 23 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയിലേക്കുള്ള വൈദ്യുതി, ഇന്ധനം, ചരക്കുകള്‍ എന്നിവയുടെ വിതരണം ഇസ്രയേല്‍ അവസാനിപ്പിച്ചു. വീടുകള്‍ വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഗാസയിലെ ജനങ്ങളോട് ഇസ്രയേല്‍ നിര്‍ദേശിച്ചു. ഹമാസിന്റെ സമ്പൂര്‍ണ ഉന്‍മൂലനം എന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഗാസയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരക്കുന്നത്. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ ഇതിനോടകം തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെടുന്നു.
തെക്കന്‍ ഇസ്രായേലില്‍ ഹമാസ് പ്രവര്‍ത്തകരും ഇസ്രായേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇസ്രയേലില്‍ മരിച്ചവരില്‍ ഒരോ ബ്രിട്ടിഷ്, യുഎസ് പൗരന്മാരുണ്ട്. 10 നേപ്പാള്‍ പൗരന്മാരും മരിച്ചു. ആക്രമ ണത്തില്‍ കൊല്ലപ്പെട്ട ജര്‍മന്‍ വനിതയായ വിനോദസഞ്ചാരിയുടെ മൃതദേഹത്തോട് ഹമാസ് അനാദരവ് കാണിക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ഇത്ര മികച്ച ഇൻറലിജന്‍സ് സംവിധാനമുണ്ട് എന്ന് അവകാശപ്പെടുമ്പോളും ഹമാസിൻ്റെ ഇത്ര വലിയ നീക്കത്തെ കുറിച്ച് ഒരു സൂചനയും ലഭിക്കാതിരുന്നത് ബഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിൻ്റെ വന്‍ വീഴ്ചയായി ഇസ്രയേലി മാധ്യമങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.