പശ്ചിമേഷ്യ കത്തുന്നു: മരണവും കണ്ണീരും ദുരിതവും പീഡനവും മാത്രം.. മരണം 1500 കടക്കുന്നു

ഗാസ/ടെൽ അവീവ്‌ : ഗാസയില്‍ രാത്രി മുഴുവന്‍ ഇസ്രയേല്‍ വ്യോമാക്രമണം നടന്നു.ആയിരത്തിലധികം ഹമാസ് കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ഇതുവരെ 700ല്‍ അധികം ആളുകള്‍ ഗാസയില്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവര്‍ മൂവായിരത്തിലേറെയാണ്. മതിയായ ആരോഗ്യ സേവനങ്ങളോ മരുന്നോ ആശുപത്രികളില്‍ ഇല്ലാതെ ദുരിതത്തിലാണ് സാധാരണ ജനം. എന്നാല്‍ തങ്ങള്‍ തുടങ്ങിയിട്ടു മാത്രമേയുള്ളു എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറയുന്നത്. ഏതാണ്ട് രണ്ടര ലക്ഷത്തോളം ഗാസാ നിവാസികള്‍ വീടുവിട്ട് അഭയാര്‍ഥികളായി സ്കൂളുകളിലും മറ്റും അഭയം തേടിയിരിക്കുകയാണ്. 23 ലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് ഗാസ. അവിടേക്ക് ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ജനം നരക സമാന ജീവിതമാണ് നയിക്കുന്നത്.

വൈദ്യുതിയും വെള്ളവുമില്ലാതെ പൂർണമായും ഒറ്റപ്പെട്ട ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ സൈന്യം സജ്ജായി നില്‍ക്കുകയാണ്. ഗാസാ മുനമ്പിൽ സമ്പൂർണ ഉപരോധത്തിന് പ്രതിരോധമന്ത്രി യോവ് ഗാലന്റ് തിങ്കളാഴ്ച ഉത്തരവിട്ടു.  അവശ്യവസ്തുക്കളുടെ വിതരണം പൂർണമായും നിർത്തലാക്കി. മരുന്നില്ല, വെള്ളമില്ല, ഭക്ഷണമില്ല. ജർമനിയും ഓസ്‌ട്രിയയും യൂറോപ്യൻ യൂണിയനും പലസ്‌തീനുള്ള  സഹായം നിർത്തിവച്ചു.

നിലവിൽ വൈദ്യസഹായംപോലും ലഭിക്കാത്ത സ്ഥിതിയാണ്‌. അതിർത്തിയിൽ തമ്പടിച്ച ഒരു ലക്ഷം സൈനികർ അകത്തേയ്‌ക്ക്‌ കടക്കാൻ ഇസ്രയേലിന്റെ ഉത്തരവിനായി കാത്തിരിക്കുകയാണ്‌. ഗാസയ്ക്കു ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളുടെയും നിയന്ത്രണം തിരിച്ചുപിടിച്ചതായി ഇസ്രയേൽ  പറഞ്ഞു. യുദ്ധം മൂന്നുദിവസമായപ്പോൾ മരണം 1500 കടന്നു.

എന്നാല്‍ ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സായുധ സംഘം ഇതുവരെ പൂര്‍ണമായും ഇസ്രയേല്‍ വിട്ടിട്ടില്ല. അതുകൊണ്ട് തന്നെ കടുത്ത ഭീതിയിലാണ് ഇസ്രയേല്‍ ജനം. പലരും ഇന്നലെ മുഴുവന്‍ ബങ്കറുകളിലാണ് കഴിഞ്ഞത്. മലയാളികള്‍ അടക്കമുള്ളവര്‍ ദുരിതത്തിലാണ് എന്ന് വീടുകളിലേക്ക് സന്ദേശം വരുന്നുണ്ട്. മതിയായ ഭക്ഷണമോ കുടുവെള്ളമോ കിട്ടാതെ ബങ്കറിനുള്ളില്‍ ഭയന്ന് കഴിയേണ്ട അവസ്ഥയാണ് പലര്‍ക്കും. ഇപ്പോഴും സായുധ പോരാളികള്‍ ഒളിഞ്ഞിരുന്ന് ആക്രമണം നടത്തുന്നുണ്ട്. 800 ഇസ്രയേലികള്‍ മരിച്ചെന്ന കണക്കുകളാണ് പുറത്തുവരുന്നത്.

അതിനിടെ ഏതാണ്ട് 40 ഇസ്രയേലി പൗരന്മാര്‍ ഗാസയില്‍ തടവിലാണ് എന്ന വിവരവും പുറത്തു വനരുന്നുണ്ട്.



More Stories from this section

family-dental
witywide