പലസ്തീൻ സംഘർഷം: ഇസ്രയേലിന്റെ എല്ലാ കളികൾക്കും പിന്നിൽ അമേരിക്കയെന്ന് പിണറായി

കോഴിക്കോട്: ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ അമേരിക്കൻ സാമ്രാജ്യത്ത്വത്തെ കുറ്റപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിപിഎം റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസിനെയും ബിജെപിയെയും ഒപ്പം മുൻ യുപിഎ സർക്കാരുകളെയും കുറ്റപ്പെടുത്തിയാണ് വിഷയത്തിലെ ഇന്ത്യയുടെ നയം മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

“യു പി എ ഭരിക്കുമ്പോൾ ഇടതുപക്ഷത്തിനു നൽകിയ ഉറപ്പ് പാലിക്കാതെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ താത്പര്യത്തിന് പുറകെ പോയി. അന്നത്തെ നയവും ഇപ്പോളത്തെ ബിജെപി നയവും തമ്മിൽ എന്താണ് വ്യത്യാസമുള്ളത്? അമേരിക്കൻ കൂട്ടുകെട്ട് ശരിയല്ലെന്ന് അന്ന് തന്നെ ഇടതുപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അവരുടെ സഖ്യകക്ഷിയാവുകയായിരുന്നു യുപിഎ സർക്കാരിന്റെ ലക്ഷ്യം. അതിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്.”

അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്ത് വലിയ സ്വാധീനം ഉണ്ടെന്ന് പറയുന്ന രാഷ്ടീയ പാർട്ടിയുടെ സ്വരം കേരളത്തിൽ തന്നെ വ്യത്യസ്തമായി കേൾക്കുന്നുവെന്ന് കോൺഗ്രസിനെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചു. കോഴിക്കോട് തന്നെ നടന്ന പരിപാടിയിൽ വ്യത്യസ്ത ശബ്ദം കേട്ടുവെന്നും അത് പ്രത്യയശാസ്ത്രപരമായതെന്നും അദ്ദേഹം വിമർശിച്ചു. തെറ്റായ രീതി രാജ്യത്ത് ചിലർ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെയടക്കം തിരുത്തുന്നതിന് ഇത് പോലെയുള്ള പരിപാടികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.