ഗാസ സിറ്റി: ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ കൂടുതൽ സ്ത്രീകളും കുട്ടികളുമാണെന്ന് സിവിൽ ഡിഫൻസ് അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
എട്ട് ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന ജബലിയ ഏറ്റവും ജനസാന്ദ്രത കൂടിയ അഭയാർഥി ക്യാമ്പ് ആണ്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലസ്തീൻ അഭയാർഥികൾക്കായുള്ള യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻഡ് വർക്ക്സ് ഏജൻസി നടത്തുന്ന മൂന്ന് സ്കൂളുകളും ഇവിടെയാണ്. 27 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ചികിത്സിക്കാൻ പാടുപെടുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
“മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമമാണ് ഞങ്ങൾ അനുഭവിക്കുന്നത്,” നോർത്ത് ഗാസയിലെ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടർ അൽ ജസീറയോട് പറഞ്ഞു.
ഒക്ടോബർ 7 ന് ഇസ്രയേൽ മണ്ണിൽ ഹമാസ് നടത്തിയ നുഴഞ്ഞുകയറ്റത്തിന് മറുപടിയായി ഗാസ മുനമ്പിൽ രണ്ടാഴ്ചയിലേറെയായി ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ഗാസയിൽ മരിച്ചവരുടെ എണ്ണം 4,651 ആയും പരിക്കേറ്റവരുടെ എണ്ണം 14,245 ആയും ഉയർന്ന സാഹചര്യത്തിലാണ് ക്യാമ്പിന് നേരെയുള്ള ആക്രമണം.