ഇസ്രയേലിലേക്ക് അതിക്രമിച്ചു കയറിയ ഹമാസ് ഭീകരവാദികളെ നേരിടുന്നതിനിടെ 21കാരനായ ഇസ്രയേല്‍-അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ സെറ്റില്‍മെന്റായ എഫ്രാറ്റില്‍ നിന്നുള്ള യുവ സൈനികന്‍ റോയി വീസര്‍ ആണ് കൊല്ലപ്പെട്ടത്. ഹമാസ് തീവ്രവാദികള്‍ ആക്രമണത്തിനെത്തിയപ്പോള്‍ കെരെം ഷാലോം അതിര്‍ത്തി ക്രോസിംഗില്‍ നിലയുറപ്പിച്ച റോയ് വീസര്‍ ഭീകരരുടെ ശ്രദ്ധ തിരിക്കുകയും തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഓടി രക്ഷപ്പെടാനുള്ള അവസരമൊരുക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
അവന്‍ എങ്ങനെ ജീവിച്ചുവോ, അങ്ങനെ തന്നെ മരിച്ചു എന്ന് റോയി വീസറിന്റെ അമ്മ കണ്ണീരോടെ പ്രതികരിച്ചു. അവന്റെ ധീരത ഒന്നു കൊണ്ടു മാത്രം ഇന്ന് കുറഞ്ഞത് പന്ത്രണ്ട് സൈനികരെങ്കിലും ജീവനോടെയിരിക്കുന്നുവെന്നും റോയി വീസറിന്റെ അമ്മ നവോമി വീസര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഓടി രക്ഷപ്പെടാനുള്ള അവസരം നല്‍കിക്കൊണ്ട് ഭീകരരുടെ ശ്രദ്ധ തിരിക്കുകയായിരുന്നു റോയി വീസര്‍. ഇതേത്തുടര്‍ന്നാണ് ഭീകരര്‍ അദ്ദേഹത്തെ വെടി വെച്ചു കൊന്നത്.
മകന്റെ മരണ വാര്‍ത്ത റോയ് വീസറിന്റെ പിതാവ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ‘എന്റെ മകന്‍ റോയി, ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടു’ എന്ന്
യാമി വീസര്‍ കുറിച്ചു. ‘തെക്കന്‍ അതിര്‍ത്തി സംരക്ഷിക്കുന്ന വീരന്‍’ എന്ന് അദ്ദേഹം തന്റെ മകനെ വിളിച്ചു. വീസറിന്റെ മൃതദേഹം കണ്ടെത്താന്‍ കുടുംബത്തിന് ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് സഹായത്തിനായി വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച വൈകുന്നേരം അവര്‍ക്ക് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ കഴിഞ്ഞു, അടുത്ത ദിവസം തന്നെ അവര്‍ ധീര സൈനികനായ മകന്റെ ശവസംസ്‌കാരം നടത്തി.