
വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച അർധരാത്രി തുടങ്ങിയ ആക്രമണം വെള്ളിയാഴ്ച പുലർച്ചെ വരെ നീണ്ടു. ഗാസയിൽ യുദ്ധം രൂക്ഷമായതോടെ വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണം പതിവായിരിക്കുകയാണ്. പരിക്കേറ്റവർക്ക് അടിയന്തര സേവനങ്ങൾ നൽകാൻ പോയ ആംബുലൻസുകളെ ഇസ്രായേൽ സൈന്യം തടഞ്ഞു. ഇത് പരിക്കേറ്റവുടെ ജീവൻ അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് പലസ്തീൻ ഔദ്യോഗിക വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ വെസ്റ്റ് ബാങ്കിലെ പ്രധാന ആശുപത്രികളിലൊന്നായ ഇബ്നു സീന ആശുപത്രിയിൽ കടന്നുകയറിയ ഇസ്രായേൽ സേന അവിടെയുള്ളവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ രോഗികളെ വിട്ടുപോകാൻ വിസമ്മതിച്ചു. തുടർന്ന് രണ്ട് ആരോഗ്യ പ്രവർത്തകരെ ഇസ്രായേൽ സേന പിടിച്ചുകൊണ്ടുപോയി. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട പരിശോധനയും നടത്തി.