കൊല്ലം: കൂടെ താമസിച്ചിരുന്ന ഇസ്രയേലി യുവതിയെ കൊല്ലം സ്വദേശി കഴുത്തറത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കില്‍ താമസിച്ചിരുന്ന ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന കൃഷ്ണചന്ദ്രനാണ് കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ശേഷം കൃഷ്ണചന്ദ്രന് ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. കത്തി കൊണ്ട് ശരീരത്തില്‍ കുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയുടെ നില ഗുരുതരമാണ്.
യോഗമാസ്റ്ററായ കൃഷ്ണചന്ദ്രന്റെ ബന്ധുവീട്ടിലാണ് സ്വത്വ താമസിച്ചിരുന്നത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏറെക്കാലം ഉത്തരാഖണ്ഡിലായിരുന്നു കൃഷ്ണചന്ദ്രന് ജോലി ചെയ്തിരുന്നത്. ഈ അടുത്താണ് നാട്ടിലെത്തിയത്. കൊല്ലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.