ഗാസ: അൽ ഷിഫ ആശുപത്രിക്ക് തങ്ങൾ ഇൻകുബേറ്റർ നൽകിയെന്ന ഇസ്രയേലിന്റെ വാദം പച്ചക്കള്ളമെന്നു തെളിയുന്നു. ഇസ്രയേൽ പറഞ്ഞത് തെറ്റാണെന്നും തങ്ങൾക്ക് ആവശ്യത്തിന് ഇൻകുബേറ്ററുകൾ ഉണ്ടെന്നും അൽ ഷിഫ ഡയറക്ടർ ഡോ. മുഹമ്മദ് അബു സാൽമിയ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറയോടായിരുന്നു ഡോ. മുഹമ്മദ് അബു സാൽമിയ ഇക്കാര്യം പറഞ്ഞത്.
“ഇസ്രായേൽ അധിനിവേശ സേന ആശുപത്രിക്ക് ഇൻകുബേറ്ററുകൾ നൽകിയതായി അവകാശപ്പെടുന്നു. എന്നാൽ ഇത് ശരിയല്ല; ഇത് വ്യാജമാണ്. കൂടാതെ, ഞങ്ങൾക്ക് ഇൻകുബേറ്ററുകളുടെ ആവശ്യമില്ല. ഞങ്ങൾക്ക് ആശുപത്രിയിൽ ആവശ്യത്തിന് ഇൻകുബേറ്ററുകൾ ഉണ്ട്. എന്നാൽ ഇൻകുബേറ്ററുകൾക്ക് പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ഇന്ധനം തീർന്നിരിക്കുന്നു,” അദ്ദേഹം കരഞ്ഞുകൊണ്ടു പറഞ്ഞു.
ഇൻകുബേറ്ററുകളിൽ ഓക്‌സിജൻ തീർന്നതിനാൽ നവജാതശിശുക്കൾ മരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.