ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായും പ്രഗ്യാന്‍ റോവറുമായും ആശയവിനിമയം സ്ഥാപിക്കാനുള്ള പരിശ്രമത്തെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. നിലവില്‍ സ്ലീപ് മോഡിലായിരുന്ന ചന്ദ്രയാന്‍ 3യുടെ റോവര്‍ ദൗത്യത്തില്‍ പ്രതീക്ഷിച്ചത് നേടിയെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താപനില പൂജ്യത്തെക്കാള്‍ 200 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതിനാല്‍ ചന്ദ്രനിലെ തീവ്രമായ കാലാവസ്ഥ കാരണം റോവറിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ലെങ്കില്‍ അത് ഉണരുമെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. അഥവാ ഇനിയതി ഉണര്‍ന്നില്ലെങ്കിലും കുഴപ്പമില്ലെന്നും റോവര്‍ അതിന്റെ ദൗത്യം ചെയ്തുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രനില്‍ നേരം പുലര്‍ന്നതിനു ശേഷം റോവറുമായും ലാന്‍ഡറുമായും ബന്ധം പുനസ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമിച്ചിരുന്നു. ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചിട്ടില്ല. ഭൂമിയിലെ ഏകദേശം 14 ദിവസങ്ങള്‍ക്കു തുല്യമാണ് ഒരു ചാന്ദ്രദിനം. ഓഗസ്റ്റ് 23ന് ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ലാന്‍ഡറും റോവറും പേലോഡുകളും ഒന്നിനു പുറകേ ഒന്നായി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. 1752 കിലോഗ്രാം പിണ്ഡമുള്ള ലാന്‍ഡറും റോവറും ഒരു ചാന്ദ്ര പകല്‍ സമയം പ്രവര്‍ത്തിക്കാന്‍ തക്കവിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.