മനുഷ്യരും ബഹിരാകാശത്തേക്ക്; ഗഗൻയാൻ പരീക്ഷണ വാഹന വിക്ഷേപണം ഈ മാസം അവസാനത്തിൽ

മനുഷ്യനെ ബഹിരാകാശത്തയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന് ഒരുങ്ങുകയാണ് ഐഎസ്ആർഒ. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ ഇന്‍ഫ്‌ളൈറ്റ് അബോര്‍ട്ട് ടെസ്റ്റ് ഈ മാസം നടത്താന്‍ ഒരുങ്ങുകയാണ് ബഹിരാകാശ ഏജൻസി. അടിയന്തിര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഗഗൻയാൻ പേടകത്തിന്റെ പ്രാപ്തി പരിശോധിക്കുന്നതിനാണിത്.

വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെത്തിയതായും ഇവയുടെ അവസാന ഘട്ട കൂട്ടിയോജിപ്പിക്കല്‍ നടക്കുകയാണെന്നു വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) ഡയറകട്ര്‍ എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ പറഞ്ഞു.

ഏതെങ്കിലും രീതിയില്‍ അപകടം സംഭവിച്ചാല്‍ ബഹിരാകാശയാത്രികര്‍ക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്‌കേപ്പിങ് സിസ്റ്റത്തിന്റെ (സി.ഇ.എസ്) ആളില്ലാ പരീക്ഷണമാണ് ആദ്യം നടക്കാന്‍ പോകുന്നത്. ഇതിനുവേണ്ടി പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പരീക്ഷണം അരങ്ങേറുക. ഗഗന്‍യാന്‍ ദൗത്യത്തിലെ ഏറെ പ്രധാനപ്പെട്ട ഘടകമാണ് ക്രൂ എസ്‌കേപ്പിങ് സിസ്റ്റം.

ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് നടക്കുക. ഇതില്‍ ആദ്യത്തേതാണ് ഈ മാസം അവസാനം അരങ്ങേറുന്ന ടി.വി- ഡി 1. തുടര്‍ന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും. ഈ പരീക്ഷണങ്ങള്‍ക്ക് എല്‍.വി.എം ത്രീ- ജി 1 റോക്കറ്റാണ് ഉപയോഗിക്കുക. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ടി.വി- ഡി 3, ടിവി- ഡി 4 എന്നിവക്കായി റോബോട്ടിക് പേലോഡുകള്‍ ഉള്‍പ്പെടുത്തിയ എല്‍.വി.എം ത്രീ- ജി 2 റോക്കറ്റും ഉപയോഗിക്കും.

ഭൂമിയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ മനുഷ്യനെ വഹിച്ച് തിരിച്ചെത്താന്‍ ശേഷിയുള്ള സിംഗിള്‍ സ്റ്റേജ് റോക്കറ്റുകളാണ് പരീക്ഷണത്തിന് ഉപയോഗിക്കുന്നവ. ഇത് ഭാവിയില്‍ ബഹിരാകാശ ടൂറിസത്തിനും ഉപയോഗപ്പെടുത്തനാവും. ഈ നാലു പരീക്ഷങ്ങളുടെയും വിജയകരമായ പരിസമാപ്തിക്കുശേഷമാകും മനുഷ്യനെ വഹിച്ചുള്ള ചരിത്രകുതിപ്പിന് ഗഗന്‍യാന്‍ ഒരുങ്ങുക.

ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട വ്യോമസേന അംഗങ്ങളുടെ പരിശീലനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ഇന്ത്യന്‍വ്യോമസേന പുറത്തുവിട്ടിരുന്നു. സേനയിലെ നാല് പൈലറ്റുകളാണ് ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.