തിരുവനന്തപുരം: സൂര്യനിലേക്കുള്ള ദൗത്യവിക്ഷേപണം സെപ്റ്റംബർ ആദ്യ ആഴ്ചയിലുണ്ടാകുമെന്നും ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കുന്ന ഗഗൻയാന്റെ പരിക്ഷണങ്ങൾ തുടർന്നുണ്ടാകുമെന്നും വിഎസ്‌എസ്‌സി ഡയറക്ടർ എസ്.ഉണ്ണികൃഷ്ണൻ നായർ. മനോരമ ഓൺലൈനിനോടാണ് വിഎസ്‌എസ്‌സി ഡയറക്ടറുടെ പ്രതികരണം.
“സെപ്റ്റംബർ ആദ്യത്തെ ആഴ്ചയാണ് സൂര്യനിലേക്കുള്ള ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. ആദിത്യ L1 എന്നാണ് ഉപഗ്രഹത്തിന്റെ പേര്. ഭൂമിയിൽനിന്നു 15 കോടി കിലോമീറ്ററുകൾ അകലെയുള്ള സൂര്യനെ നിരീക്ഷിക്കും. സൂര്യന്‍ അന്തരീക്ഷത്തെയും ഭൂമിയിലെ കാലാവസ്ഥയെയും എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കും. പിഎസ്എൽവി റോക്കറ്റാണ് ദൗത്യത്തിനായി ഉപയോഗിക്കുന്നത്. ഇതു കഴിഞ്ഞാല്‍ ഗഗൻയാനിലെ സഞ്ചാരികളുടെ എസ്കേപ്പ് സിസ്റ്റം ടെസ്റ്റ് വെഹിക്കിൾ ഉപയോഗിച്ച് പരീക്ഷിക്കും. പറന്നുപോകുമ്പോൾ, ശബ്ദ വേഗം മറികടക്കുമ്പോൾ എന്തൊക്കെ സംഭവിക്കുമെന്നും അതുമറികടക്കാനുള്ള കാര്യങ്ങളുമാണു പരീക്ഷിക്കുന്നത്. ഒക്ടോബറിലാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്,” ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.
ചന്ദ്രയാൻ 3നെക്കുറിച്ചും ഉണ്ണികൃഷ്ണൻ നായർ പ്രതികരിച്ചു. ചന്ദ്രയാൻ 2ന്റെ പരാജയത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടു പിഴവുകൾ തിരുത്തിയാണ് ഐഎസ്ആർഒ മുന്നോട്ടു പോയതെന്നും അദ്ദേഹം പറഞ്ഞു.
‘‘ചന്ദ്രയാൻ 3 വിക്ഷേണവാഹനം LVM3, ലാൻഡറിലെ സങ്കീർണമായ രണ്ടു ഉപകരണങ്ങൾ എന്നിവ രൂപകൽപ്പന ചെയ്തത് വിഎസ്‌എസ്‌സിയാണ്. ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വബലവും അന്തരീക്ഷം ഇല്ലാത്തതും ലാൻഡിങ്ങിനെ ബാധിക്കും. ചന്ദ്രന്റെ ഗുരുത്വബലത്തിനു വിപരീതമായ ഊർജം ലഭിക്കാൻ ത്രസ്റ്ററുകളെ ജ്വലിപ്പിച്ചു ഘട്ടംഘട്ടമായാണു ചന്ദ്രനിലേക്കു ലാൻഡറുകൾ ഇറക്കുന്നത്. ലാൻഡർ ചന്ദ്രനിലേക്കു ഇറക്കാനുള്ള റഷ്യയുടെയും അമേരിക്കയുടെയും പല ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെ, ചന്ദ്രയാൻ 2ന്റെ പരാജയത്തിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ടു പിഴവുകൾ തിരുത്തിയാണ് ഐഎസ്ആർഒ മുന്നോട്ടുപോയത്’’– വിഎസ്എസ്‍സി ഡയറക്ടർ പറഞ്ഞു.