കൊല്ലം: തന്നെ ആരാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്ന് അബിഗേല്‍ പോലീസിനോട് പറഞ്ഞു. ആരെയും പരിചയമില്ല. ഇതിനു മുന്‍പ് കണ്ടിട്ടില്ല. രാത്രി തന്നെ ഒരു വീട്ടിലേക്കാണ് കൊണ്ടു പോയതെന്നും അബിഗേല്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് അബിഗേല്‍ സാറ റെജിയെ കണ്ടെത്തിയത്.
അബിഗേലിനെ ആദ്യം കണ്ടത് ധനഞ്ജയ എന്ന യുവതിയാണ്. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു. ഒരു സ്ത്രീ അബിേഗലിന് ഒപ്പമുണ്ടായിരുന്നു. അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധനഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു.
തന്റെ മകളെ കാണാതായതു മുതല്‍ പ്രാര്‍ത്ഥനയോടെ കൂടെ നിന്ന് എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്ന് അബിഗേലിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിനകത്തും പുറത്തും രാജ്യത്തിന് പുറത്ത് നിന്നുമെല്ലാമായി പ്രാര്‍ഥിച്ച എല്ലാവരോടും നിറഞ്ഞ നന്ദി. ഇന്നലെ വൈകിട്ട് എന്റെ കുഞ്ഞിനെ കാണാതെയായത് മുതല്‍ ഇന്ന് ഈ നേരം കുഞ്ഞിനെ കണ്ടുകിട്ടുന്നത് വരെ ഒപ്പം നിന്ന കേരള പൊലീസിനും, രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പള്ളിയിലുള്ളവര്‍ക്കും തിരുമേനിമാര്‍ക്കും മാധ്യമങ്ങള്‍ക്കും എല്ലാവരോടും നന്ദി. എന്റെ മകളെ തിരിച്ചു കിട്ടി. ഉടന്‍ തന്നെ വീട്ടിലേക്ക് കൊണ്ടുവരുമെന്നാണ് പറയുന്നത്..’ എന്നും കണ്ണീരോടെ അബിഗേലിന്റെ അമ്മ പറഞ്ഞു.
കാണാതായി ഇരുപത് മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവശയാണെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി. അബിഗേലിനെ പിന്നീട് അച്ഛന് കൈമാറി. എആര്‍ ക്യാംപില്‍ വച്ചാണ് കുട്ടിയെ അച്ഛന് കൈമാറിയത്.