കേരളത്തിൽ നിന്നും 5 കോടി, ആകെ കലക്‌ഷൻ 95 കോടി; ‘ജയിലർ’ ബോക്സ്ഓഫിസ് റിപ്പോര്‍ട്ട്

രജിനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ ഓഗസ്റ്റ് പത്തിനാണ് റിലീസ് ചെയ്തത്. തമിഴ് നാട്ടിലും കേരളത്തിലും മാത്രമല്ല ആഗോളതലത്തിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് ജയിലർ കാഴ്ചവച്ചിരിക്കുന്നത്. കേരളത്തിൽ നിന്നും 5.38 കോടി രൂപയാണ് ആദ്യ ദിനം ചിത്രം കളക്ട് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വിജയിക്കും കമല്‍ഹാസനും ശേഷം കേരളത്തില്‍ നിന്ന് ആദ്യ ദിനത്തില്‍ 5 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കുന്ന നടന്‍ എന്ന റെക്കോഡും രജിനികാന്ത് ഇതിലൂടെ സ്വന്തമാക്കി കഴിഞ്ഞു.

തമിഴ് നാട്ടിൽ നിന്ന് 29.46 കോടി രൂപ കളക്ട് ചെയ്ത ചിത്രം പാൻ ഇന്ത്യൻ തലത്തിൽ 65 കോടിയും ആഗോള ബോക്സ് ഓഫീസിൽ 95 കോടിയും വാരിക്കൂട്ടി. തമിഴ് നാട്ടിൽ ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങളിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന റെക്കോർഡ് ഇതോടെ ജയിലർ സ്വന്തമാക്കി.

അജിത് നായകനായ തുനിവ് നേടിയത് 24. 59 കോടി ആയിരുന്നു. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം ആകട്ടെ 21 കോടിയും വിജയ് നായകനായി എത്തിയ വാരിസ് 19.43 കോടിയും ഈ വര്‍ഷം തമിഴ്‌നാട്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെയൊക്കെ റെക്കോഡ് തിരുത്തിയെഴുതിയാണ് ജയിലര്‍ മുന്നേറുന്നത്.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രജിനിയുടെ 169-ാമത്തെ ചിത്രം കൂടിയാണ് ജയിലര്‍. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷറഫ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

More Stories from this section

family-dental
witywide