ചെന്നൈ: രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ജയിലറിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയത് റെക്കോർഡ് തുകയ്ക്ക്. 100 കോടി രൂപയ്ക്കാണ് പ്രൈം ജയിലറിന്റെ അവകാശം നേടിയത്.
സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ 240 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തിയത്. ആദ്യവാരം തന്നെ ചിത്രം നാനൂറ് കോടി ക്ലബിലെത്തിയിരുന്നു. നാലാഴ്ച പിന്നിടുമ്പോൾ ബോക്സ്ഓഫിസിൽ 620 കോടിയിലേറെയാണ് ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള കളക്ഷന്‍. ചിത്രം സെപ്റ്റംബർ 7 ന് ആമസോൺ പ്രൈമിൽ എത്തും.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ’ 2023 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. മോഹൻലാൽ രജനീകാന്തിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. രജനിയുടെ 169-ാം ചിത്രമാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്‌റോഫ്, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.