
ബ്യൂണസ് ഐറിസ്: രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള രോഷം ആളിക്കത്തിച്ച തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലിബര്‍ട്ടേറിയന്‍ സാമ്പത്തിക വിദഗ്ധന്‍ ഹാവിയര്‍ മിലി അര്‍ജന്റീനയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
‘ഞാന്‍ ദൈവത്തോടും രാജ്യത്തോടും ആണയിടുന്നു… അര്‍ജന്റീനിയന്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് സ്ഥാനം വിശ്വസ്തതയോടും ദേശസ്നേഹത്തോടും കൂടി നിര്‍വഹിക്കുമെന്ന്’, സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് തന്റെ തോളില്‍ പ്രസിഡന്റല്‍ സാഷ് വയ്ക്കുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു.
ഞായറാഴ്ച അധികാരമേറ്റതിന് ശേഷമുള്ള തന്റെ കന്നി പ്രസംഗത്തില്‍ തന്റെ മുന്‍ഗാമികള്‍ ഫണ്ടില്ലാതെയും അമിതമായ പണപ്പെരുപ്പത്തിന്റെ പാതയിലുമാണ് രാജ്യം വിട്ടതെന്ന് കുറ്റപ്പെടുത്തിയിരുന്നു.
രണ്ട് പതിറ്റാണ്ടിനിപ്പുറം തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍, മൂന്നക്ക പണപ്പെരുപ്പം, വിദേശ കറന്‍സി കരുതല്‍ തകര്‍ച്ച, വര്‍ദ്ധിച്ചുവരുന്ന ദാരിദ്ര്യം എന്നിവയില്‍ അലകള്‍ തീര്‍ത്ത തിരഞ്ഞെടുപ്പായിരുന്നു മിലിക്ക് അനുകൂലമായത്.