ജെഡിഎസ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് സി. കെ നാണുവിനെ പുറത്താക്കി

കേരളത്തിൽ വിമത യോഗം വിളിച്ചു ചേർത്തെന്ന് ആരോപിച്ച് ജെഡിഎസ് ദേശീയ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് സി കെ നാണുവിനെ നീക്കിയതായി ദേശീയാധ്യക്ഷൻ എച്ചി ഡി ദേവഗൗഡ അറിയിച്ചു. ബെംഗളൂരുവിൽ പാർട്ടി ആസ്ഥാനത്തു ചേർന്ന ദേശീയ നിർവാഹക സമിതി യോഗമാണ് തീരുമാനം കൈകൊണ്ടത് .

ദേശീയ ഉപാധ്യക്ഷ പദവിയിലിരിക്കെ  ദേശീയ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ സി കെ നാണു കേരളത്തിൽ യോഗം വിളിച്ചത് ജെ ഡി എസ് ഭരണഘടനക്ക് വിരുദ്ധമാണെന്നു ദേവഗൗഡ വിശദീകരിച്ചു. ദേശീയ അധ്യക്ഷൻ ജീവിച്ചിരിക്കെ ഇത്തരത്തിൽ യോഗം വിളിക്കാൻ പാടില്ല, മുൻപ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട സി എം ഇബ്രാഹിം, നാണുവിനെ പറഞ്ഞു പാട്ടിലാക്കുകയായിരുന്നെന്നും  അദ്ദേഹം  പറഞ്ഞു.

ജെഡിഎസ്, എൻഡിഎ മുന്നണിയുടെ ഭാഗമായതിനെ ചോദ്യം ചെയ്തായിരുന്നു കഴിഞ്ഞ മാസം  കോവളത്ത്  സി കെ നാണു വിഭാഗം വിമത യോഗം വിളിച്ചത്. കേരളത്തിലെ മറ്റു നേതാക്കളായ മാത്യു ടി തോമസ്, കെ കൃഷ്ണൻകുട്ടി  തുടങ്ങിയവർ യോഗത്തിൽ നിന്ന് വിട്ടു നിന്നു.

കേരളത്തിലെ മന്ത്രി സ്ഥാനം രാജി വെച്ച് പാർട്ടി പ്രത്യേക ഘടകമായി ഇടതുമുന്നണിയിൽ  ഉറച്ചു നിൽക്കണമെന്നായിരുന്നു സി കെ നാണു വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ മാത്യു ടി തോമസും കെ കൃഷ്ണൻകുട്ടിയും ഉൾപ്പെടുന്ന മറുവിഭാഗം സ്ഥാനമാനങ്ങൾ ത്യജിച്ചുള്ള ഇറങ്ങി പോക്കിന് എതിര് നിന്നതോടെ കേരളത്തിലെ ജെഡിഎസിൽ ബിജെപി ബാന്ധവത്തിൽ  രണ്ടു ചേരികൾ രൂപപ്പെടുകയായിരുന്നു. ആശയക്കുഴപ്പമുണ്ടാക്കി ഇങ്ങനെയൊരു ചേരി രൂപപ്പെടുത്താൻ  മുൻ കർണാടക അധ്യക്ഷൻ  സി എം ഇബ്രാഹിം ഒത്താശ ചെയ്‌തെന്നാണ്  ദേവഗൗഡയുടെ വാദം.

ബിജെപി ബാന്ധവത്തെ എതിർത്ത സികെ നാണു കൂടി പുറത്താക്കപ്പെട്ടതോടെ ജെഡിഎസ് ഇടതു മുന്നണിയിലും മന്ത്രി സഭയിലും തുടരുന്നത് ധാർമികമായി ശരിയാണോ എന്ന ചോദ്യമാണ് സിപിഐഎമ്മിന് നേരെ ഉയരുന്നത് . മാത്യു ടി തോമസും കെ കൃഷ്ണന്കുട്ടിയും ആർക്കൊപ്പമെന്നു നിലപാട് വ്യക്തമാക്കണമെന്ന് ആവർത്തിക്കുകയാണ് പുറത്താക്കപ്പെട്ട സി എം ഇബ്രാഹിം. 

JDS Expels C K Nanu as the vice-president of JDS

More Stories from this section

family-dental
witywide