ന്യൂഡൽഹി: കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ ജാഗ്രതാനിര്‍ദേശം. ഉത്സവകാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. യാത്രാനിയന്ത്രണങ്ങളടക്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്.
നിരീക്ഷണവും പരിശോധനയും ഊര്‍ജിതമാക്കണം. ശ്വാസകോശ അണുബാധ, പനി എന്നിവയുടെ ജില്ലാതല കണക്കുകള്‍ കേന്ദ്രത്തിന് നല്‍കണം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, കേന്ദ്രമന്ത്രിമാര്‍, മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യസംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വര്‍ധനവും യോഗം ചര്‍ച്ച ചെയ്യും.
ദിവസേന 10,000ലധികം ആളുകളാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. മേയ് 15ന് ശേഷം ഇതാദ്യമായാണ് ഈ വര്‍ഷം ഇത്രയധികം രോഗികളുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ അതിയായ ക്ഷീണവും തളര്‍ച്ചയും ശ്വാസതടസവും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളുള്ളവരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ഇങ്ങനെ പരിശോധനയ്ക്ക് വിധേയമാകുന്നവരില്‍ നിന്ന് മാത്രമാണ് ഇത്രയധികം കേസുകള്‍ ഇപ്പോള്‍ കണ്ടത്തുന്നത്. കൂടുതലാളുകളെ പരിശോധിക്കയോ, എല്ലാവരും നിര്‍ബന്ധമായി ടെസ്റ്റ് ചെയ്യുകയോ ചെയ്താല്‍ ഫലം ചിലപ്പോള്‍ ഇതിലും ഭീകരമായേക്കും. ജനുവരിവരെ രോഗവ്യാപനം തുടരുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ തുടങ്ങിയ ആഘോഷങ്ങള്‍ വരാനിരിക്കുന്നതിനാല്‍ രോഗ വ്യാപനം വര്‍ധിക്കാന്‍ സാധ്യത കൂടുതലാണ്.