ന്യൂഡല്‍ഹി:റിക്രൂട്ടിങ് ഏജന്‍സി കബളിപ്പിച്ച 400 നഴ്സുമാര്‍ യുകെയില്‍ കുടുങ്ങി. വഞ്ചിതരായ നഴ്സുമാര്‍ യുകെയില്‍ നിന്ന് തിരിച്ചുവരാന്‍ പണമില്ലാതെ വലയുകയാണ്. അവിടെയുള്ള മലയാളികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ അവിടെ കഴിയുന്നത്. കൊച്ചിയിലുള്ള ഒരു റിക്രൂട്ടിങ് ഏജന്‍സി വഴിയാണ് ഈ നഴ്സുമാര്‍ യുകെയില്‍ എത്തിയത്. വീസ നടപടികള്‍ക്ക് മാത്രമായി 8.5 ലക്ഷവും വിമാനടിക്കറ്റിനും മറ്റുമായി 5 ലക്ഷം വേറെയും ഇവര്‍ക്ക് ചെലവായിട്ടുണ്ട്. വന്‍ തുക കടം മേടിച്ചാണ് നാട്ടില്‍നിന്നും ഇവര്‍ എത്തിയത്. യുകെയില്‍ നല്ല ജോലിയും ശമ്പളവും സ്വപ്നം കണ്ട് ജീവിതം കരകയറ്റാന്‍ വന്നവരാണ് പെരുവഴിയിലായത്. ഇവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ ( യുകെ ചാപ്റ്റര്‍) വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു പരാതി നല്‍കി.
വന്‍ കടബാധ്യത കാരണം പലര്‍ക്കും നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയാണ്. ഭക്ഷണത്തിനു പോലും വകയില്ലാതെപലരും ബുദ്ധിമുട്ടകയാണെന്ന് ലീഗല്‍ സെല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാമും സോണിയ സണ്ണിയും പറഞ്ഞു. തട്ടിപ്പ് നടത്തിയ റിക്രൂട്ടിങ് ഏജന്‍സി ഇപ്പോളും ആളുകളെ കയറ്റിയയക്കുന്നുണ്ടന്ന് പരാതിയില്‍ പറയുന്നു.
നഴ്സുമാരെ സഹായിക്കാന്‍ യുകെയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.