‘ആദ്യം കഴിക്കാനെന്തെങ്കിലും കൊടുക്കും പിന്നെയവള്‍ക്കൊരു ഉമ്മ കൊടുക്കും’; അബിഗേലിന്റെ സഹോദരന്‍ പറയുന്നു

അബിഗേല്‍ വീട്ടിലേക്ക് തിരിച്ചു വന്നാലുടന്‍ അവള്‍ക്ക് കഴിക്കാനെന്തെങ്കിലും കൊടുക്കുമെന്ന് നാലാം ക്ലാസുകാരനായ സഹോദരന്‍ ജൊനാഥന്‍. പിന്നെയവള്‍ക്കൊരു ഉമ്മയും കൊടുക്കുമെന്നും ജൊനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ തന്റെയടുക്കല്‍ നിന്ന് സഹോദരിയെ കുറച്ചു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ നിമിഷം മുതല്‍ വല്ലാത്ത സങ്കടത്തിലായിരുന്നു ജൊനാഥന്‍. കരഞ്ഞ് കണ്ണുകള്‍ നീരു വന്നിരുന്നു. ഇന്ന് സഹോദരിയെ തിരിച്ചുകിട്ടിയെന്ന വാര്‍ത്തയറിഞ്ഞത് മുതല്‍ സന്തോഷത്തോടെ കാത്തിരിപ്പിലാണ്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയ വിവരം കൃത്യമായി പോലീസിനെ ധരിപ്പിക്കാനും സംഭവങ്ങള്‍ വളരെ വ്യക്തമായി അവതരിപ്പിക്കാനും ജൊനാഥന് സാധിച്ചത് അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. രേഖാ ചിത്രം കുട്ടി തിരിച്ചറിയുകയും സംഘത്തിലുണ്ടായിരുന്ന മറ്റൊരാളെക്കൂടി തിരിച്ചറിയുകയും ചെയ്തത് പോലീസിന്റേയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. പഴുതുകളടച്ചുള്ള അന്വേഷണത്തില്‍ പിടി വീഴുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞത്.

തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ വന്ന കാര്‍ ഇതിനു മുന്‍പും വീടിനു സമീപത്ത് കണ്ടിട്ടുണ്ടെന്നാണ് ജോനാഥന്‍ പറയുന്നത്. വീടിനു സമീപത്ത് ഒരു കാര്‍ കിടപ്പുണ്ടെന്നും ആ കാറിലുള്ളവര്‍ തങ്ങളെ നോക്കുന്നുണ്ടെന്നും പേടിയാകുന്നുണ്ടെന്നും കുട്ടി വീട്ടില്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും ഇ നാട്ടില്‍ അങ്ങനെ പേടിക്കാനൊന്നുമില്ലെന്ന് പറഞ്ഞ് മുത്തശ്ശി കുട്ടികളെ ആശ്വസിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്വയം പേടി തോന്നിയ ജൊനാഥന്‍ അതിനു ശേഷം കയ്യിലൊരു വടിയുമായാണ് കാറിനു സമീപത്തു കൂടി നടന്നിരുന്നത്. അബിഗേലിനെ തട്ടിക്കൊണ്ടു പോയ അന്നും ജൊനാഥന്റെ കയ്യില്‍ ഒരു വടിയുണ്ടായിരുന്നു.

അബിഗേലിനെ അകത്ത് കയറ്റിയ ശേഷം ജൊനാഥനെ കൂടി അകത്തേക്ക് പിടിച്ചു വലിച്ച് കയറ്റാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും വടികൊണ്ട് പ്രതിരോധിച്ചും കുതറിയോടിയുമാണ് കുട്ടി രക്ഷപ്പെട്ടത്. കാര്‍ നീങ്ങിയപ്പോഴും അവസാന പരിശ്രമമായി ജോനാഥന്‍ ഡോറില്‍ തൂങ്ങിക്കിടന്നു. എന്നാല്‍ കാറിലുള്ളവര്‍ കുട്ടിയുടെ കൈ തട്ടിയകറ്റി. റോഡിലേക്കു വീണ ജോനാഥന്റെ മുട്ടിനു പരുക്കേറ്റിട്ടുണ്ട്. അങ്കണവാടി അധ്യാപികയായ സുനു സോമരാജന്‍ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്കും കാര്‍ വിട്ടുപോയിരുന്നു. ജൊനാഥന്റെ നിലവിളി കേട്ടാണ് മറ്റുള്ളവര്‍ ഓടിക്കൂടുന്നതു വിവരങ്ങളറിയുന്നതും.

ഒരുപക്ഷേ ജോനാഥനേക്കൂടി കാറില്‍ കയറ്റാന്‍ പ്രതികള്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍ യാതൊരു വിവരവും പുറത്ത് വരാതിരിക്കുകയും കേസിന്റെ ഗതി തന്നെ മറ്റൊന്നാവുകയും ചെയ്യുമായിരുന്നു. അതേസമയം അബിഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ടുവരില്ല. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. വളരെ അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെങ്കിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

തട്ടിക്കൊണ്ടു പോയവര്‍ ഇന്നലെ കഴിക്കാന്‍ ബിസ്‌ക്കറ്റ് നല്‍കിയിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു, ഇതില്‍ എന്തെങ്കിലും ചേര്‍ത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വിദഗ്ധ പരിശോധന നടത്തും. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ കുഞ്ഞിനെ പരിശോധിച്ചുവെന്നും കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

More Stories from this section

family-dental
witywide