ഇന്ത്യയ്ക്ക് എതിരെ ആരോപണം ആവർത്തിച്ച് ജസ്റ്റിൻ ട്രൂഡോ, “വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നത് അപകടകരം”

ഓട്ടവ: ഖലിസ്ഥാന്‍ വാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണം ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ‘ കനഡേിയന്‍ മണ്ണില്‍ ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് വിശ്വസനീയമായ വിവരം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ഇന്ത്യയെ ഈ വിവിരം അറിയിച്ചതാണ്. ഗുരുതരമായ ഈ അന്താരാഷ്ട്ര നിയമലംഘനത്തില്‍ യുഎസിനെപ്പോലുള്ള സുഹൃത്തുക്കളോടും സഖ്യകക്ഷികളോടും ഇടപെടണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു’.- വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരിക. 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വെന്‍ഷന്‍ ലംഘനമാണെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടാണ് ട്രൂഡോയുടെ വിമര്‍ശനം.

‘ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഏകപക്ഷീയമായി റദ്ദാക്കുകയും ചെയ്തതില്‍ ഞങ്ങള്‍ നിരാശരാണ്, കനേഡിയന്‍ പൗരന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ഇടപെട്ടെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ വ്യക്തമായ കാരണങ്ങളുണ്ട്.’- അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്തെ നയതന്ത്ര പ്രതിനിധിക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് ഒരു രാജ്യം തീരുമാനിക്കുമ്പോള്‍ അന്താഷ്ട്ര ബന്ധങ്ങള്‍ കൂടുതല്‍ അപകടത്തിലാവുകയാണ്. പക്ഷേ, ഇന്ത്യയുമായി ക്രിയാത്മകമായി ഇടപെടാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതിനിയും തുടരും. ഈ സമയത്ത് ഇത്തരമൊരു പോരാട്ടം ഞങ്ങള്‍ ആഗ്രഹിച്ചതല്ല. എന്നാല്‍, ഞങ്ങള്‍ എപ്പോഴും നിയമവാഴ്ചയ്ക്ക് വേണ്ടിനിലകൊള്ളും- അദ്ദേഹം പറഞ്ഞു.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന ട്രൂഡോയുടെ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നിരുന്നു.

Justin Trudeau reiterates allegations against India, says It’s dangerous for big countries to violate international law