ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രതിനിധി സംഘവും രണ്ടാം ദിവസവും നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ ഇന്ത്യയില്‍ തുടരുന്നു. വിമാനത്തിന്റെ സാങ്കേതികത്തകരാര്‍ കാരണമാണ് ട്രുഡോയുടെ മടക്കയാത്ര മുടങ്ങിയത്. പ്രധാനമന്ത്രിയെ തിരിച്ചു കൊണ്ടുപോകാന്‍ കനേഡിയന്‍ സൈന്യം പകരം ഒരു വിമാനം അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ ട്രുഡോയ്ക്ക് ഇന്ത്യ വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള യന്ത്രഭാഗവും വിദഗ്ദ്ധരടങ്ങുന്ന സംഘത്തേയും ഇന്ത്യയിലേക്ക് അയച്ചതായി കാനഡ അധികൃതര്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രതിനിധി സംഘത്തെ പകരം അയക്കുന്ന വിമാനത്തിലാകും തിരിച്ചുകൊണ്ടുവരികയെന്നും അധികൃതര്‍ വ്യക്തമാക്കി.
ട്രൂഡോയും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സംഘം ജി-20 ഉച്ചകോടിക്കു ശേഷം ഞായറാഴ്ച രാത്രി മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ഡല്‍ഹി വിമാനത്താവളത്തില്‍ പ്രതിനിധി സംഘം കാത്തിരിക്കുന്നതിനിടെയാണ് വിമാനത്തിന് സാങ്കേതികത്തകരാറുണ്ടെന്ന അറിയിപ്പ് ലഭിച്ചത്. ഈ സമയത്ത് ട്രുഡോയും മകന്‍ സേവ്യറും വിമാനത്താവളത്തിലെത്തിയിരുന്നില്ല. അവര്‍ ഹോട്ടലില്‍ തുടരുകയായിരുന്നു. പിന്നീട് വിമാനത്താവളത്തിലെത്തിയ മറ്റു പ്രതിനിധി സംഘാംഗങ്ങളും ഹോട്ടലിലേക്ക് മടങ്ങി.