ചെന്നിത്തലയ്ക്ക് വിഷമമുണ്ടെങ്കില്‍ പരിഹരിക്കും:കെ.സി. വേണുഗോപാല്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ചില മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അമര്‍ഷം തുടരുന്നത് തണുപ്പിക്കാന്‍ ദേശീയ നേതാക്കള്‍ ഇടപെടുന്നു. തന്നെ മനപൂര്‍വം അവഗണിച്ചു എന്ന പരാതി രമേശ് ചെന്നിത്തലയ്ക്കുണ്ട്. അദ്ദേഹം അതൃപ്തി വ്യക്തമാക്കിയിട്ടുമുണ്ട്. പുതിയ ചുമതലകള്‍ നല്‍കിയാല്‍ ഏറ്റെടുക്കില്ല എന്ന നിലപാടിലാണ് ചെന്നിത്തല എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എന്നാല്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണെന്നും അദ്ദേഹത്തിന് വിഷമമുണ്ടായാല്‍ അത് പരിഹരിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ചെന്നിത്തലയെ പാര്‍ട്ടി വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തും. മഹാരാഷ്ട്രയുടെ ചുമതല നല്‍കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകും – കെ.സി. വേണുഗോപാല്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തുകയും രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് ഉയരുന്നത്. 39 അംഗപ്രവര്‍ത്തക സമിതിയില്‍ തരൂരിനെ കൂടാതെ കെ.സി. വേണുഗോപാലും എ.കെ അന്റണിയും അംഗങ്ങളാണ്. കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവുമാണ്.

More Stories from this section

family-dental
witywide