കോണ്‍ഗ്രസ് എന്ത് ചെയ്താലും അതിന് റാന്‍ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി: കെടി ജലീല്‍

മലപ്പുറം: കോണ്‍ഗ്രസ് എന്ത് ചെയ്താലും അതിന് റാന്‍ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറിയെന്ന് കെടി ജലീല്‍ എംഎല്‍എ. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിന്റെ മൗനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ കൂടുതല്‍ കാവിയോടടുപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ജലീല്‍ കുറ്റപ്പെടുത്തി. രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് സമസ്ത രംഗത്തെത്തിയതിനു പിന്നാലെയാണ് കെടി ജലീലിന്റെ പ്രതികരണം. ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാന്‍ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിന്റെ പ്രാര്‍ത്ഥനയെന്നും കാലക്കേടിനെങ്ങാനും അതു സംഭവിച്ചാല്‍ ലീഗ് നേതാക്കള്‍ ‘സമുദായസൗഹാര്‍ദ്ദ’ത്തിന്റെ പേരും പറഞ്ഞ് ചാടിപ്പുറപ്പെടുമെന്നുറപ്പാണെന്നും കെടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘സുപ്രഭാതം’ പരത്തിയ വെളിച്ചത്തിന്റെ തെളിച്ചം!

”ചന്ദ്രിക’ പറയേണ്ടത് പറയാതിരുന്നപ്പോള്‍ ആ ദൗത്യം ‘സുപ്രഭാതം’ നിര്‍വ്വഹിച്ചു. സമീപകാലത്ത് പല കാര്യങ്ങളിലുമുള്ള ലീഗിന്റെ മൗനം കോണ്‍ഗ്രസ്സിനെ കൂടുതല്‍ കൂടുതല്‍ കാവിയോടടുപ്പിക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് മതനിരപേക്ഷത വിട്ട് ഹിന്ദുത്വ നിലപാടിലേക്ക് പോകുമ്പോള്‍ ”അരുത്’ എന്ന് പറയാന്‍ പണ്ടൊക്കെ, ഇസ്മായില്‍ സാഹിബും പോക്കര്‍ സാഹിബും സേട്ടു സാഹിബും ബനാത്ത് വാലാ സാഹിബും ഉണ്ടായിരുന്നു. ഇന്നവരില്ല.

കോണ്‍ഗ്രസ്സ് എന്ത് ചെയ്താലും അതിന് ‘റാന്‍’ മൂളുന്നവരായി പുതിയ ലീഗ് നേതൃത്വം മാറി. ബാബരീ മസ്ജിദ് തകര്‍ത്തത് പോലെ കാശിയിലെ ‘ഗ്യാന്‍വാപി’മസ്ജിദും മധുരയിലെ ‘ഈദ്ഗാഹ്”മസ്ജിദും ഇടിച്ചുടച്ച് നിലംപരിശാക്കിയാലും ബി.ജെ.പി നേതാക്കള്‍ക്ക് ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം മുസ്ലിംലീഗ് പതിച്ചുനല്‍കും. അവരുമൊത്ത് ‘കേക്ക്’മുറിച്ചും അവര്‍ക്ക് നാരങ്ങാവെള്ളം കൊടുത്തും ‘ആക്കാംപോക്കാം’കളി തുടരും.

ലീഗ് നേതാക്കളെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിക്കാന്‍ മോദിക്കും അമിത്ഷാക്കും തോന്നരുതേ എന്നാണ് സമുദായത്തിന്റെ പ്രാര്‍ത്ഥന. കാലക്കേടിനെങ്ങാനും അതു സംഭവിച്ചാല്‍ ലീഗ് നേതാക്കള്‍ ‘സമുദായസൗഹാര്‍ദ്ദ’ത്തിന്റെ പേരും പറഞ്ഞ് ചാടിപ്പുറപ്പെടുമെന്നുറപ്പ്. അയോധ്യയിലേക്ക് പറക്കാന്‍ ഫസ്റ്റ് ക്ലാസ് വിമാന ടിക്കറ്റും അവിടെ താമസിക്കാന്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ സൗകര്യങ്ങളും സഞ്ചരിക്കാന്‍ ഒരു ‘റോള്‍സറോയ്‌സ്’ കാറും ക്ഷേത്രക്കമ്മിറ്റി ഒരുക്കണമെന്ന് മാത്രം.

ഹൃദയം പൊട്ടി പരിതപിക്കുന്ന ഒരു ജനതയുടെ വികാരം പങ്കുവെക്കാന്‍ ‘സുപ്രഭാത’മെങ്കിലും സമുദായത്തിനകത്ത് ഉണ്ടെന്നത് നല്‍കുന്ന ആശ്വാസം ചെറുതല്ല. സിതാറാം യെച്ചൂരിയും ഡി രാജയും കാണിച്ച ചങ്കുറപ്പ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ്, എങ്ങിനെയാണ് ബി.ജെ.പിക്ക് ബദലാവുക?

കമ്മ്യൂണിസ്റ്റുകാരുടെ ആര്‍ജ്ജവം കോണ്‍ഗ്രസ്സിനുണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് അങ്ങേയറ്റത്തെ അതിമോഹമാകും. സഖാവ് യച്ചൂരിയും സഖാവ് രാജയും മുങ്ങിക്കുളിച്ച കുളത്തിലെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്ന് തല നനച്ച് കുളിച്ചിരുന്നെങ്കില്‍ എന്ന് ആരെങ്കിലും കരുതിപ്പോയാല്‍ അവരെ എങ്ങിനെ കുറ്റപ്പെടുത്തും?

കോണ്‍ഗ്രസ്സിന്റെ നയവ്യതിയാനം ചൂണ്ടിക്കാണിക്കേണ്ടത് അവരുടെ അഭ്യുദയകാംക്ഷികളാണ്. ആ ധര്‍മ്മമാണ് ‘സുപ്രഭാതം’ചെയ്തത്. കാതലുള്ള ആ ക്രിയാത്മക വിമര്‍ശനം കോണ്‍ഗ്രസ്സിന്റെ കണ്ണ് തുറപ്പിക്കുമെങ്കില്‍ രാജ്യവും കോണ്‍ഗ്രസ്സും രക്ഷപ്പെടും.

More Stories from this section

family-dental
witywide