
തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. പരിക്കേറ്റവരുടെ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കും. സ്വകാര്യ ആശുപത്രിയിലുള്ളവരുടെ ചികിത്സാ ചിലവടക്കമാണ് സര്‍ക്കാര്‍ വഹിക്കുന്നത്.
ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു.
കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ കാക്കനാട് ജയിലേക്ക് മാറ്റി. ഈ മാസം 29 വരെയാണ് പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം തനിക്ക് അഭിഭാഷകനെ ആവശ്യമില്ലെന്ന് ആവർത്തിച്ചിരിക്കുകയാണ് മാർട്ടിൻ. താൻ സ്വന്തമായി കേസ് നടത്താമെന്നാണ് ഇയാൾ പറയുന്നത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ പ്രതി പ്രശംസിക്കുകയും ചെയ്തു.