കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണം നടത്തിയതിന് 22 പേർക്കെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലും അല്ലാതെയും വിദ്വേഷ പ്രചരണം നടത്തിയതിന് 22 പേർക്കെതിരെ കേസെടുത്തു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 153 – കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കൽ, 153 എ – മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പ് പ്രകാരമാണ് കേസുകളെടുത്തിരിക്കുന്നത്.

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെയും കേസെടുത്തിട്ടുണ്ട്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. സൈബർ പൊലീസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. രാജീവ് ചന്ദ്രശേഖറിനെതിരെ ഐപിസി 153, 153 (എ), കേരള പൊലീസ് ആക്ട് 120 (ഒ) – ക്രമസമാധാനം തകർക്കൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, പൊലീസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കുടുംബത്തിന്റെ മൊഴിയെടുത്തു. മൂന്നര മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കൽ ആറ് മണിയോടെയാണ് അവസാനിച്ചത്. വിശദമായി മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് അറിയിച്ചു. ഡൊമിനിക് മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിൽ പൊലീസ് തെളിവെടുപ്പ് നടത്തി. കേസിൽ ഡൊമിനിക് മാർട്ടിൻ മാത്രമാണ് പ്രതി എന്നുറപ്പിച്ചിരിക്കുകയാണ് പൊലീസ്. കൂടുതൽ തെളിവുകൾ അന്വേഷണസംഘം ശേഖരിക്കുകയാണ്. മാർട്ടിന്റെ പശ്ചാത്തലം വിശദമായി പരിശോധിക്കാനാണ് തീരുമാനം.

More Stories from this section

family-dental
witywide