
കൊച്ചി: സ്ഫോടനം നടന്ന് 3 മണിക്കൂറിനുള്ളിൽ കൊച്ചി കടവന്ത്ര സ്വദേശി ഡൊമിനിക് മാർട്ടിൻ പൊലീസിന് കീഴടങ്ങിയെങ്കിലും ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. ആരാണ് മാർട്ടിനെ സഹായിച്ചത്. ഇന്നലെ പുലർച്ചെ വെറും കയ്യോടെ വീട്ടിൽ നിന്ന് ഇറങ്ങിയ മാർട്ടിന് സ്ഫോടവ വസ്തുക്കൾ എവിടെ നിന്നു കിട്ടി. അയാൾ അത് എവിടെയായിരുന്നു സൂക്ഷിച്ചു വച്ചിരുന്നത് . സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഇയാൾ ഇൻ്റർനെറ്റിൽ നിന്ന് പഠിച്ചെന്നു പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം സത്യമാണ്. ആസൂത്രണം ചെയ്യാനായി ഇയാളെ സഹായിച്ചത് ആരൊക്കെയാണ്. തുടങ്ങിയ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.
പ്രതി ഡൊമിനിക് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത് ബോംബ് പൊട്ടിക്കാനുപയോഗിച്ച റിമോട്ടിൻ്റെ ചിത്രം ഫോണിൽ കാണിച്ചുകൊടുത്തപ്പോഴാണ്. ബോംബ് നിർമിക്കാൻ യൂട്യൂബ് നോക്കി പഠിച്ചെന്നാണ് ഇയാളുടെ മൊഴി. ഡൊമിനിക് ഒരു വർഷം മുമ്പ് വരെ വിദേശത്തായിരുന്നു. കുടുംബം 6 വർഷമായി തമ്മനത്താണ് താമസം. ഫോർമാനായി ജോലിചെയ്തിരുന്ന ഇയാൾക്ക് സാങ്കേതിക അറിവുണ്ട്. ബാറ്ററി, പടക്കം പൊട്രോൾ എന്നിവ ഉപയോഗിച്ചാണ് ഇയാൾ ബോംബ് നിർമിച്ചത്.
രാവിലെ 5 മണിക്ക് വീട്ടിൽ നിന്നിറങ്ങിയ പ്രതി സ്ഫോടകവസ്തുക്കൾ ശേഖരിച്ച് കൺവൻഷൻ സെൻ്ററിൽ എത്തി. എട്ടുമണിക്കു ശേഷം 2 തവണ കൺവൻഷൻ ഹാളിൽ കയറിയിറങ്ങി. അതുവരെയുള്ള തൻ്റെ എല്ലാ നീക്കങ്ങളും ഇയാൾ ഫോണിൽ പകർത്തിയിരുന്നു.
മാധ്യമശ്രദ്ധയ്ക്ക് വേണ്ടിയോ മാനസിക പ്രശ്നം മൂലമോ ഇയാൾ സ്വയം കുറ്റമേൽക്കുന്നു എന്നാണ് പൊലീസ് കരുതിയത് . എന്നാൽ ഇയാളുടെ ടവർ ലൊക്കേഷനുകളടക്കം പരിശോധിച്ചപ്പോൾ ഇയാളുടെ വാദം ശരിയാണെന്ന് പൊലീസും കരുതുന്നു. വൻ പൊലീസ് സന്നാഹത്തോടെയാണ് ഇയാളെ കൊടകര പൊലീസ് സ്റ്റേഷനിൽ നിന്ന് കളമശ്ശേരി പൊലീസ് ക്യംപിലേക്ക് കൊണ്ടുപോയത്.
Kalamassery blast who is Dominic Martin the man who took responsibility for blasts