
ചെന്നൈ: മുതിർന്ന സിപിഐഎം നേതാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അനുശോചിച്ച് നടൻ കമൽ ഹാസൻ. ജീവിതത്തിന്റെ ഓരോ നിമിഷവും നിസ്വാര്‍ത്ഥമായി ജീവിച്ച സഖാവാണ് എൻ ശങ്കരയ്യ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ കമൽ ഹാസൻ കുറിച്ചു. സിപിഎം സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു ശങ്കരയ്യ.
ജീവിതം മുഴുവന്‍ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ച എൻ ശങ്കരയ്യ ഉയര്‍ത്തിപ്പിടിച്ച ആശയത്ത നാം ഹൃദയത്തോട് ചേര്‍ത്തു പിടിക്കണമെന്ന് കമൽ ഹാസൻ പറഞ്ഞു.
1964 ഏപ്രിലില്‍ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിപ്പോന്ന് സിപിഐ (എം) രൂപീകരിച്ച 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളില്‍ ഇപ്പോള്‍ വിഎസ് അച്ചുതാനന്ദനൊപ്പം ജീവിച്ചിരുന്നിരുന്ന ഏക നേതാവായിരുന്നു ശങ്കരയ്യ.
1922 ജൂലൈ 15നാണ് ശങ്കരയ്യയുടെ ജനനം.മെട്രിക്കുലേഷന്‍ പാസായ ശേഷം 1937ല്‍ മധുരയിലെ അമേരിക്കന്‍ കോളജില്‍ നിന്ന് ശങ്കരയ്യ ചരിത്രം പഠിക്കാന്‍ തുടങ്ങി. മദ്രാസ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം മധുര സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ തുടങ്ങി. പഠനം പൂർത്തിയാക്കും മുമ്പേ ബ്രിട്ടിഷുകാർ പിടികൂടി ജയിലിൽ അടച്ചു. 1947 ഓഗസ്റ്റില്‍ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ടു.
പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. 1995 മുതല്‍ 2002 വരെ സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു
1967 ല്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്നും 1977 ലും 1980 ലും മധുര ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും രണ്ട് തവണ തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് മക്കളായ ചന്ദ്രശേഖറും നരസിമ്മനും പാര്‍ട്ടി നേതാക്കളാണ്. നവമണിയാണ് ഭാര്യ