
ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോണുമായി കൂടിക്കാഴ്ച നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇൻസ്റ്റഗ്രാമിൽ നൗർ ഗിലോണുമായുള്ള ചിത്രങ്ങളും കങ്കണ പങ്കുവെച്ചു.
ഹമാസുമായുള്ള ഇസ്രയേലിന്റെ യുദ്ധത്തിനിടയിലാണ് നൗർ ഗിലോണുമായുള്ള കങ്കണയുടെ കൂടിക്കാഴ്. തന്റെ പോസ്റ്റിൽ കങ്കണ ഹമാസിനെ ‘ഇന്നത്തെ രാവണൻ’ എന്ന് വിളിക്കുകയും ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന് പിന്തുണ നൽകുകയും ചെയ്തു.
“ചെറിയ കുട്ടികളെയും സ്ത്രീകളെയും ലക്ഷ്യമിടുന്ന രീതി ഹൃദയഭേദകമാണ്. ഭീകരതയ്‌ക്കെതിരായ ഈ യുദ്ധത്തിൽ ഇസ്രായേൽ വിജയിക്കുമെന്ന് എനിക്ക് പൂർണ പ്രതീക്ഷയുണ്ട്. എന്റെ വരാനിരിക്കുന്ന ചിത്രമായ തേജസിനെ കുറിച്ചും ഇന്ത്യയുടെ സ്വാശ്രയ യുദ്ധവിമാനമായ തേജസിനെ കുറിച്ചും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തു,” അവർ കൂട്ടിച്ചേർത്തു.

തന്റെ വരാനിരിക്കുന്ന തേജസ് എന്ന ചിത്രത്തെ കുറിച്ച് നൗർ ഗിലോണുമായി സംസാരിച്ചതായും കങ്കണ വെളിപ്പെടുത്തി.
“ഭാരതത്തിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ ജിയുമായി ഒരു കൂടിക്കാഴ്ച നടത്തി,” കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
തേജസിൽ, കങ്കണ റണാവത്ത് തീവ്രവാദത്തിനെതിരെ പോരാടുന്ന ഒരു എയർഫോഴ്സ് പൈലറ്റിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ആർഎസ്‌വിപി നിർമ്മിച്ച ഈ ചിത്രത്തിൽ അൻഷുൽ ചൗഹാൻ, വരുൺ മിത്ര, ആശിഷ് വിദ്യാർത്ഥി, വിശാഖ് നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സർവേഷ് മേവാര സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് റോണി സ്ക്രൂവാലയാണ്. ഒക്‌ടോബർ 27ന് തേജസ് തിയേറ്ററിൽ റിലീസ് ചെയ്യും.