മാതൃത്വം ലോകത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. അമ്മയാകുകയെന്നതിന് അതിന്റേതായ വെല്ലുവിളികളും ഉത്തരവാദിത്തങ്ങളുമെല്ലാമുണ്ട്. അമ്മയാകുന്നതിന്റെ മനോഹര വശം മാത്രമാണ് എപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. മാതൃത്വത്തിന്റെ തീര്‍ത്തും അസുഖകരമായ മറുവശം പലപ്പോഴും ആരുമറിയാറില്ല. ഗര്‍ഭാവസ്ഥയുടെ മാനസിക പ്രശ്‌നങ്ങള്‍, ശാരീരിക മാറ്റങ്ങള്‍, പ്രസവാനന്തരമുണ്ടാകുന്ന ബേബി ബ്ലൂസ് അല്ലെങ്കില്‍ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നിങ്ങനെ ഒരുപാടു പ്രതിസന്ധികളെ ഓരോ സ്ത്രീയും അതിജീവിക്കുന്നു. തീര്‍ച്ചയാും ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും മനോഹരമായ വികാരങ്ങളിലൊന്ന് തന്നെയാണ് മാതൃത്വം എങ്കിലും അത് റോസാപ്പൂക്കള്‍ വിരിച്ച മെത്തയല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
മാതൃത്വത്തിന്റെ സങ്കീര്‍ണ്ണതകളെക്കുറിച്ച് ബോളിവുഡ് നടി കരീന കപൂര്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു കരിയര്‍ നേടുക എന്നത് വളരെ പ്രധാനമാണെന്ന് സ്ത്രീകളോടായി കരീന കപൂര്‍ സൂചിപ്പിച്ചു. അതേസമയം പ്രായമായ മാതാപിതാക്കളുടെ ആവശ്യങ്ങളില്‍ അവര്‍ക്കൊപ്പം നിങ്ങളുണ്ടായിരിക്കണം. അതോടൊപ്പം നിങ്ങളുടെ കുട്ടികളുടെ സ്‌കൂള്‍ ഇവന്റുകളൊന്നും മിസ്സ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കണമെന്നും പോസ്റ്റില്‍ കരീന പറയുന്നു.
കുട്ടികളുമായി നിങ്ങള്‍ ചെലവഴിക്കുന്ന സമയത്തിന്റെ അളവിനല്ല, ഗുണനിലവാരത്തിനാണ് പ്രാധാന്യം. ജീവിതം നിയന്ത്രിക്കുന്ന അഡ്മിനാവണം, പാചകവും വീടു വൃത്തിയാക്കലും മേല്‍നോട്ടവുമെല്ലാം പതിവുപോലെ തുടരുക. എന്നാല്‍ അതോടൊപ്പം നിങ്ങള്‍ക്കായും സമയം കണ്ടെത്തുക. സുഹൃത്തുക്കളെ നഷ്ടപ്പെടുത്താതിരിക്കുക. എല്ലാ വാട്ട്‌സാപ്പ് ചാറ്റുകള്‍ക്കും മറുപടി നല്‍കുക. നിങ്ങള്‍ തിരക്കിലാണെന്ന് മറ്റുള്ളവരെ അറിയിക്കേണ്ടതില്ല. ഇത് ബുദ്ധിമുട്ടാണെന്ന് വിചാരിക്കരുത്, കാരണം ഈ ജീവിതം നിങ്ങള്‍ തന്നെ തിരഞ്ഞെടുത്തതാണ് മാതൃത്വത്തെക്കുറിച്ചെഴുതിയ പോസ്റ്റില്‍ കരീന പറയുന്നു. കരീന കപൂര്‍-സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്. ആറു വയസ്സുകാരനായ തൈമൂര്‍ അലി ഖാന്‍, മൂന്നു വയസ്സുകാരനായ ജെഹ് അലി ഖാന്‍.