തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. പല സഹകരണബാങ്കുകളിലും ആധാരമെഴുത്ത് ഓഫിസുകളിലുമടക്കം എറണാകുളം തൃശൂര്‍ ജില്ലകളിലെ 9 ഇടത്ത് ഇഡി റെയ്ഡ് പുരോഗമിക്കുന്നു. ഇഡിയുടെ കൊച്ചിയില്‍ നിന്നുള്ള 40 അംഗ സംഘമാണ് വിവിധ ഇടങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ പരിശോധന നടത്തുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി ബെനാമി ഇടപാടുകള്‍ നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയ്ഡ്.
സിപിഎം നേതാവ് എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും റെയ്ഡ് നടക്കുന്നുണ്ട്. കേരള ബാങ്ക് വൈസ് പ്രസിഡന്റ് കൂടിയായ കണ്ണന്റെ സാന്നിധ്യത്തിലാണ് റെയ്ഡ്.
കരുവന്നൂര്‍ ബാങ്കിലെത്തിച്ച് വെളുപ്പിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക് അടക്കം 4 ബാങ്കുകള്‍ വഴി പുറത്ത് കടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ . വിദേശത്തുനിന്നുള്ള കള്ളപ്പണം കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിച്ച കൈക്കൂലിപ്പണവും ഈ രീതിയില്‍ വെളിപ്പിച്ചെടുത്തെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്.
സിപിഎം ഉന്നതരുമായി ബന്ധമുള്ള സതീശനെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് ഈ പരിശോധനകള്‍. ഇയാള്‍ ഇഡിയുടെ കസ്റ്റഡിയിലാണ്. നാളെ എസി മൊയ്തീനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം 31ന് ചോദ്യം ചെയ്യലിന് മൊയ്തീന്‍ ഹാജരായിരുന്നു. മൊയ്തീന്റെയും ഭാര്യയുടെയും പേരിലുളള 28ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചിരുന്നു. എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് പല വായ്പകളും നല്‍കിയതെന്നാണ് ഇഡി പങ്കുവെച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
Karivannur bank scam; ED continues raid in 9 banks