ബെംഗളൂരു: ചിക്കബല്ലാപ്പൂർ ജില്ലയിൽ കൊതുകിൽ സിക വൈറസ് കണ്ടെത്തിയതിനെ തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ.
സിദ്‌ലഘട്ട താലൂക്കിലെ തലക്കയലബെട്ട ഗ്രാമത്തിൽ നിന്ന് എടുത്ത സാമ്പിളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് പരത്തുന്നത്.
ചുണങ്ങു, പനി, ചെങ്കണ്ണ, പേശികളിലും സന്ധികളിലും വേദന, രണ്ടു മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന അസ്വാസ്ഥ്യം, തലവേദന എന്നിവയാണ് സിക വൈറസ് അണുബാധയുടെ ലക്ഷണങ്ങൾ. അതേസമയം, രോഗബാധിതരായ മിക്ക ആളുകളും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല.
ജനന വൈകല്യങ്ങൾ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ്, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ എന്നിവയുൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സിക വൈറസ് കാരണമാകുമെന്ന് ബെംഗളൂരുവിലെ ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ കൺസൾട്ടന്റ്, ഡോ. സ്വാതി രാജഗോപാൽ പറഞ്ഞു.
“ഗർഭിണികൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്, ഗർഭാവസ്ഥയിൽ അണുബാധ ഗർഭം അലസൽ, പ്രസവം, ജനന വൈകല്യങ്ങൾ എന്നിവയ്ക്ക് കാരണമാകും,” അവർ വിശദീകരിച്ചു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഗർഭകാലത്തെ സിക വൈറസ് അണുബാധ, ജനിക്കുന്ന കുട്ടികൾ മൈക്രോസെഫാലിയും മറ്റ് അകടകരമായ വൈകല്യങ്ങൾക്കും കാരണമാകും.
കുഞ്ഞിന്റെ മസ്തിഷ്ക വളർച്ച മന്ദഗതിയിലാകുകയോ ഗർഭപാത്രത്തിൽ തന്നെ വളർച്ച നിലയ്ക്കുകയോ ചെയ്യുന്ന ഒരു അവസ്ഥയാണ് മൈക്രോസെഫാലി.
പേശികളുടെ ബലഹീനതയ്ക്കും പക്ഷാഘാതത്തിനും കാരണമാകുന്ന ന്യൂറോളജിക്കൽ ഡിസോർഡറായ ഗില്ലിൻ-ബാരെ സിൻഡ്രോമുമായി ഈ അണുബാധ ബന്ധപ്പെട്ടിരിക്കുന്നു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ ലോകമെമ്പാടും രോഗാണുക്കൾ പരത്തുന്ന രോഗങ്ങളുടെ വ്യാപനത്തിന് കാരണമായതായി വിദഗ്ധർ പറയുന്നു.
നിലവിൽ, സിക വൈറസ് അണുബാധയ്ക്ക് വാക്സിനോ പ്രത്യേക ചികിത്സയോ ഇല്ലെന്ന് ഡോ.രാജഗോപാൽ പറയുന്നു.