
ബെംഗളൂരു: സംസ്ഥാനത്തുടനീളം ഹുക്ക ബാറുകള്‍ നിരോധിക്കാനും പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം വര്‍ദ്ധിപ്പിക്കാനും പദ്ധതിയിട്ട് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്താന്‍ കര്‍ണാടക സര്‍ക്കാര്‍ പദ്ധതിയിടുന്നതായി ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു പറഞ്ഞു. യുവാക്കള്‍ പുകയിലയ്ക്ക് അടിമപ്പെടുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് ഹുക്ക ബാറുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്.
പുതിയ മാറ്റങ്ങളുടെ ഭാഗമായി സിഗരറ്റ്, മറ്റ് പുകയില ഉത്പന്നങ്ങളുടെ വില്‍പന സംബന്ധിച്ച നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പും കായിക വകുപ്പും ഇത് സംബന്ധിച്ച് ചൊവ്വാഴ്ച കര്‍ണാടക വിധാനസൗധയില്‍ ചര്‍ച്ച നടത്തി. ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു, യുവജന കായിക വകുപ്പ് മന്ത്രി ബി നാഗേന്ദ്ര എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്തെ വരും തലമുറയെ രക്ഷിക്കാനാണ് ഹുക്ക ബാറുകള്‍ നിരോധിക്കാന്‍ പദ്ധതിയിടുന്നതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.
സ്‌കൂളുകള്‍ക്ക് പുറമെ ക്ഷേത്രങ്ങള്‍, പള്ളികള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങളിലും പുകയില ഉത്പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും നിരോധിക്കാന്‍ ആലോചനയുണ്ടെന്ന് ചൊവ്വാഴ്ച നടത്തിയ യോഗത്തിന് ശേഷം ദിനേഷ് ഗുണ്ടു റാവു വ്യക്തമാക്കി. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് പ്രകാരം 35 മുതല്‍ 40 മിനുട്ട് വരെ ഹുക്ക വലിക്കുന്നത് 100 മുതല്‍ 150 വരെ സിഗരറ്റുകള്‍ വലിക്കുന്നതിന് തുല്യമാണെന്ന് കായിക മന്ത്രി ബി നാഗേന്ദ്ര പറഞ്ഞു.
നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച ചെയ്തു. നിരോധനം സംബന്ധിച്ച് വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കും. ഇതിന്റെ നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. നിരോധനം കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് ഉറാപ്പാക്കാന്‍ സംസ്ഥാന പൊലീസിനെ ഏര്‍പ്പെടുത്തുമെന്നും മന്ത്രിമാര്‍ യോഗത്തിന് ശേഷം അറിയിച്ചു.