ശ്രീനഗർ: ഇന്ത്യയും പാകിസ്ഥാനും ചർച്ചയിലൂടെ തർക്കങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഗാസയ്ക്കും പലസ്തീനിനും സംഭവിച്ച അതേ ദുരവസ്ഥയായിരിക്കും കാശ്മീരിലും സംഭവിക്കുകയെന്ന് നാഷണൽ കോൺഫറൻസ് മേധാവിയും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പൂഞ്ചിൽ തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന തീവ്രവാദി ആക്രമണത്തിൽ 5 സൈനികരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം.
“ചർച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കിൽ, ഇസ്രയേൽ ബോംബിട്ട് നശിപ്പിക്കുന്ന ഗാസയുടേയും പലസ്തീന്റെയും അതേ ഗതിയായിരിക്കും നമുക്കും നേരിടേണ്ടി വരിക.”
മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ഇന്ത്യ-പാക് ബന്ധത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ വാക്കുകളും ഫാറൂഖ് അബ്ദുള്ള പരാമർശിച്ചു. “നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാൻ കഴിയും, എന്നാൽ നമ്മുടെ അയൽക്കാരെ മാറ്റാൻ കഴിയില്ലെന്ന് അടൽ ബിഹാരി വാജ്‌പേയി പറഞ്ഞിരുന്നു. അയൽക്കാരുമായി സൗഹൃദം പുലർത്തിയാൽ രണ്ടുപേർക്കും പുരോഗതിയുണ്ടാകും. യുദ്ധം ഇപ്പോൾ ഒരു മാർഗമല്ലെന്നും കാര്യങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നുമാണ് പ്രധാനമന്ത്രി മോദിയും പറഞ്ഞത്.”
“എവിടെ ചർച്ചകൾ? നവാസ് ഷെരീഫ് പാകിസ്ഥാൻ പ്രധാനമന്ത്രിയാകാൻ പോകുകയാണ്, ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് അവർ പറയുന്നു, പക്ഷേ എന്തുകൊണ്ടാണ് നാം സംസാരിക്കാൻ തയ്യാറാകാത്തത്?”
അതിനിടെ, കരസേനാ മേധാവി മനോജ് പാണ്ഡെ തിങ്കളാഴ്ച ജമ്മു കശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകൾ സന്ദർശിച്ച് ഭീകരർ ഒളിത്താവളങ്ങളായി ഉപയോഗിക്കുന്ന കേന്ദ്രങ്ങൾ പൊളിക്കാൻ പ്രാദേശിക സൈനികരോട് ആവശ്യപ്പെട്ടു. പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങളും അദ്ദേഹം അവലോകനം ചെയ്തു.