തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഡിസംബര്‍ അവസാനത്തോടെ നടക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മന്ത്രിസഭയില്‍ അഹമ്മദ് ദേവര്‍കോവിലിനു പകരം രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആന്റണി രാജുവിനു കെബി ഗണേഷ് കുമാറും പുതിയതായി എത്തും. മുന്നണിയിലെ നാല് ഘടക കക്ഷികള്‍ക്ക് രണ്ടര വര്‍ഷം വീതം മന്ത്രി സ്ഥാനം നല്‍കാനായിരുന്നു തീരുമാനം. നിലവിലെ മന്ത്രിമാരുടെ രണ്ടര വര്‍ഷമെന്ന കാലാവധി നവംബര്‍ 20നു പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് പകരക്കാരെത്തുന്നത്.
നവ കേരള സദസ് കഴിയുന്ന മുറയ്ക്കായിരിക്കും പുനഃസംഘടന. വംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്. കേരളത്തോടുള്ള കേന്ദ്ര അവഗണയ്‌ക്കെതിരെ ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും നേരത്തെ തീരുമാനമായിരുന്നു. ദേശീയ തലത്തില്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജന പ്രതിനിധികളും പങ്കെടുക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ജയരാജന്‍ വ്യക്തമാക്കിയിരുന്നു.